Kerala
അടിച്ചേല്‍പ്പിക്കുന്നത് അമിത നികുതി; ജനത്തിന്റെ നടുവൊടിക്കുന്ന ബജറ്റ്: വി ഡി സതീശന്‍
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പോലും പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
തിരുവനന്തപുരം | ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ നടുവൊടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണക്കാരനു മേല്‍ അമിത നികുതി അടിച്ചേല്‍പ്പിച്ച് കൊള്ള നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് സര്‍ക്കാരിന്റെ കൊള്ളയടി.
തീര്‍ത്തും അശാസ്ത്രീയമായ നികുതി വര്‍ധനയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പോലും പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മദ്യത്തിന് സെസ് കൂട്ടുന്നത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കും. മദ്യത്തിന് വില കൂടുമ്പോള്‍ പലരും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. നികുതി വര്‍ധനക്കെതിരെ യു ഡി എഫ് പ്രത്യക്ഷ സമരം നടത്തുമെന്ന് സതീശന്‍ പ്രഖ്യാപിച്ചു .
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാതെയാണ് സെസ് ഏര്‍പ്പെടുത്തുന്നത്. മുന്‍ ബജറ്റിലെ പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവര്‍ത്തിക്കപ്പെട്ടതായും സതീശന്‍ പറഞ്ഞു.
കിഫ്ബിയുടെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ട സ്ഥിതിയാണ്. കിഫ്ബി പ്രഖ്യാപനങ്ങള്‍ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്ബി?. ഭൂമിയുടെ ന്യായവില കൂട്ടിയതും അശാസ്ത്രീയമായാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.