National
മോദിയുടെ നേതൃപാടവം തന്നെ ആകര്‍ഷിച്ചു,കോണ്‍ഗ്രസില്‍ നേരിട്ടത് അവഗണന:പത്മജ വേണുഗോപാല്‍
രാഹുല്‍ ടിവിയില്‍ ഇരുന്ന് നേതാവായതാണെന്നും അദ്ദേഹം തന്നോട് കാര്യങ്ങള്‍ പറയേണ്ടെന്നും പത്മജ പറഞ്ഞു.
ന്യൂഡല്‍ഹി | നരേന്ദ്ര മോദി വലിയ നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃപാടവം തന്നെ ആകര്‍ഷിച്ചിരുന്നെന്നും പത്മജ വേണുഗോപാല്‍. ഡല്‍ഹിയില്‍ ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി താന്‍ അകല്‍ച്ചയിലായിരുന്നെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി വിടണമെന്ന് കരുതിയിരുന്നെന്നും പത്മജ പറഞ്ഞു. സമാധാനപരമായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും ബിജെപി എന്ന പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടുന്നുണ്ടെന്നും ഹൈക്കമാന്‍ഡിന് ഇതേ ചൊല്ലി പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടികളും ഉണ്ടായില്ലെന്നും പത്മജ പറഞ്ഞു. താന്‍ നല്‍കിയ പരാതികളെല്ലാം ചവിറ്റുകുട്ടയിലേക്ക് പോയി. തന്റെ പരാതിയില്‍ പരാമര്‍ശിച്ചവരെല്ലാം വലിയ സ്ഥാനങ്ങളിലെത്തിയെന്നും പത്മജ ആരോപിച്ചു.അതേസമയം സോണിയാഗാന്ധിയോട് വലിയ ബഹുമാനമുണ്ടെന്നും പക്ഷേ കാണാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.
കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അവരെ തെരുവില്‍ തടയുമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശത്തോട് പത്മജ രൂക്ഷമായി പ്രതികരിച്ചു. രാഹുല്‍ ടിവിയില്‍ ഇരുന്ന് നേതാവായതാണെന്നും അദ്ദേഹം തന്നോട് കാര്യങ്ങള്‍ പറയേണ്ടെന്നും പത്മജ പറഞ്ഞു.