National
ഡല്‍ഹിയിലെ വായുഗുണനിലവാരത്തില്‍ പുരോഗതി
വ്യാഴാഴ്ച രാത്രി പെയ്ത മഴയാണ് സ്ഥിതി മെച്ചപ്പെടാന്‍ കാരണം.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ശനിയാഴ്ച ഡല്‍ഹിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരം മോശം വിഭാഗത്തിലാണെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത മഴയാണ് സ്ഥിതി മെച്ചപ്പെടാന്‍ കാരണം.
ദേശീയ തലസ്ഥാനത്തെ മലിനീകരണ ഹോട്ട്സ്പോട്ടുകളിലൊന്നായി കണക്കാക്കുന്ന ആനന്ദ് വിഹാറില്‍, എക്യുഐ 282 ആയി രേഖപ്പെടുത്തി. ആര്‍കെ പുരത്ത് ഇത് 220 ആയിരുന്നു. പഞ്ചാബി ബാഗ് മേഖലയില്‍ 236 രേഖപ്പെടുത്തി. ഐടിഒയില്‍ എക്യുഐ ശനിയാഴ്ച രാവിലെ 263 ആയിരുന്നു. ഡല്‍ഹിയില്‍ ഇന്ന് മഴയുണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ രാവിലെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.