oommen chandy
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി; ബെംഗളൂരുവിലേക്ക് ഉടൻ മാറ്റില്ല
ആരോഗ്യസ്ഥിതിയിൽ കൂടുതൽ മെച്ചമുണ്ടായതിന് ശേഷം മാറ്റാമെന്നാണ് മെഡിക്കൽ ബോർഡിൻ്റെ അഭിപ്രായം.
തിരുവനന്തപുരം | മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയിൽ ഏറെ പുരോഗതിയെന്ന് ഡോക്ടർമാർ അറിയിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ആരോഗ്യ സ്ഥിതി അവലോകനം ചെയ്തു. ഇതിന് ശേഷമാണ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില മെച്ചപ്പെട്ടെന്നും ഡോക്ടർമാർ അറിയിച്ചത്. ഉടനെ ബെംഗളൂരുവിലേക്ക് മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് മെഡിക്കൽ ബോർഡ്. നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ചു തമ്പിയാണ് മെഡിക്കൽ ബോർഡിന് നേതൃത്വം നൽകുന്നത്.
ആരോഗ്യസ്ഥിതിയിൽ കൂടുതൽ മെച്ചമുണ്ടായതിന് ശേഷം മാറ്റാമെന്നാണ് മെഡിക്കൽ ബോർഡിൻ്റെ അഭിപ്രായം. ന്യുമോണിയ പൂർണമായും മാറേണ്ടതുണ്ട്. അതിനിടെ കോൺഗ്രസ് നേതാവ് വി എം സുധീരൻ ഇന്ന് അദ്ദേഹത്തെ സന്ദർശിച്ചു. ജര്‍മനിയില്‍ നടത്തിയ ചികിത്സയുടെ തുടര്‍ ചികിത്സക്കായി ബെംഗളൂരുവിലെ കാന്‍സര്‍ കെയര്‍ സെന്ററിലേക്ക് മാറ്റാനായിരുന്നു ആലോചിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം എയര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം ആരോഗ്യ മന്ത്രി ഇന്നലെ രാവിലെ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു.
കനത്ത പനിയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ശേഷം ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. സന്ദർശകർക്ക് കനത്ത വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് അനുജൻ അലക്സ് വി ചാണ്ടി അടക്കമുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്കും സ്പീക്കർക്കും കത്ത് നൽകിയിരുന്നു.