International
അട്ടിമറി സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍; നവാസ് ശരീഫിന് ലാഹോറില്‍ വിജയം
അതേ സമയം തങ്ങള്‍ 154 സീറ്റില്‍ വിജയിച്ചുവെന്ന് ഇമ്രാന്‍ ഖാനെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ അവകാശപ്പെടുന്നു
ഇസ്ലാമാബാദ് | പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതില്‍ അസാധാരണമായ വൈകല്‍ തുടരുന്നു. ഇത് വരെ തിരഞ്ഞെടുപ്പ് നടന്ന 265 സീറ്റുകളില്‍ 53സീറ്റുകളിലെ ഫലം മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 18 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇതില്‍ മിക്കവരും ഇമ്രാന്‍ ഖാനെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് പാര്‍ട്ടി 17 സീറ്റിലും വിജയിച്ചു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 15 സീറ്റിലും മറ്റുള്ളവര്‍ 3 സീറ്റിലും വിജയിച്ചു. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ലോഹോറില്‍ വിജയിച്ചയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പാകിസ്ഥാന്‍ മുസ്ലിം ലീഗ് പാര്‍ട്ടി (നവാസ്) ക്ക് വേണ്ടി മത്സരിച്ച അദ്ദേഹം 171024 വോട്ടുകള്‍ നേടിയാണ വിജയിച്ചത്.
സാധാരണഗതിയില്‍ വൈകിട്ടോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി പിറ്റേദിവസം പുലര്‍ച്ചയോടെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാറുണ്ട്. എന്നാല്‍ ഇന്നലെ വൈകിട്ട് 5 മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മന്ദഗതിയില്‍ തുടരുകയാണ്. 52% പോളിങാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം തങ്ങള്‍ 154 സീറ്റില്‍ വിജയിച്ചുവെന്ന് ഇമ്രാന്‍ ഖാനെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. ഇമ്രാന്‍ ഖാനെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതു കൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ വൈകുന്നതെന്നും അട്ടിമറി സാധ്യത ഉള്ളതായും പി ടി ഐ ആരോപിച്ചു. മുന്നണിയായി മത്സരിക്കാന്‍ ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹരീഖ് – ഇ – ഇന്‍സാഫ് പാര്‍ട്ടിക്ക് വിലക്കുള്ളതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് ഇവര്‍ മത്സരിക്കുന്നത്.