Connect with us

International

രാജിവക്കില്ലെന്ന് ഇമ്രാന്‍; അവസാന പന്ത് വരെ പോരാട്ടം തുടരും

ഇമ്രാന്‍ ഖാന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്തില്ല; പാക് പാര്‍ലിമെന്റ് മൂന്ന് വരെ പിരിഞ്ഞു

Published

|

Last Updated

ഇസ്‌ലാമാബാദ് | രാജിവക്കില്ലെന്ന് രാജ്യത്തോട് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. അവസാന പന്ത് വരെ പോരാട്ടം തുടരും. ഞായറാഴ്ചത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് തയാറാണ്. തനിക്കെതിരായ അവിശ്വാസ പ്രമേയം പാസായാല്‍ പാക്കിസ്ഥാന്‍ അടിമ രാഷ്ട്രമാകും. അമേരിക്കന്‍ ഗൂഢാലോചന വിജയിക്കാന്‍ അനുവദിക്കില്ല.  അമേരിക്കക്കു മുമ്പില്‍ ഒരിക്കലും തലകുനിക്കില്ല.

പാക്കിസ്ഥാന്‍ ഒരു നിര്‍ണായക ഘട്ടത്തിലാണെന്നും രണ്ട് വഴികളാണ് മുന്നിലുള്ളതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. പല പാക് രാഷ്ട്രീയ നേതാക്കളും പണമുണ്ടാക്കാന്‍ രാഷ്ട്രീയത്തില്‍ എത്തിയവരാണ്. രാജ്യം സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മുസ്ലിം സമുദായത്തിന് അടിമകളാകാന്‍ കഴിയില്ല. പാക്കിസ്ഥാനെ പുരോഗതിയിലേക്ക് നയിച്ചുവെന്നും എല്ലാവര്‍ക്കും തുല്യ അവകാശമായിരുന്നു തന്റെ ലക്ഷ്യമെന്നും ഇമ്രാന്‍ വ്യക്തമാക്കി. സര്‍ക്കാറിനെ താഴെയിറക്കാന്‍ വിദേശ ഗൂഢാലോചന നടന്നതായി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു. അമേരിക്ക പാക്കിസ്ഥാനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്കക്കായി ഏറ്റവും കൂടുതല്‍ ത്യാഗം അനുഭവിച്ചത് പാക്കിസ്ഥാനാണ്. ഏറ്റവും കൂടുതല്‍ ജീവന്‍ വെടിഞ്ഞത് പാക്കിസ്ഥാനികളാണ്.

എന്നെപ്പോലുള്ള ഒരാള്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. പ്രശസ്തിയും സമ്പത്തും ഉള്‍പ്പെടെ എല്ലാം തന്ന് അള്ളാഹു അനുഗ്രഹിച്ച ഭാഗ്യവാനാണ് ഞാന്‍. സ്വതന്ത്ര രാജ്യത്ത് ജനിച്ച ആദ്യ തലമുറയില്‍ നിന്നുള്ളയാളാണ് ഞാന്‍. പാക്കിസ്ഥാന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടിട്ടുണ്ട്. രാജ്യത്തെ ആരുടെ മുന്നിലും ചെറുതാക്കാന്‍ താന്‍ അനുവദിക്കില്ല. വികാരഭരിതനായി ഇമ്രാന്‍ പറഞ്ഞു.

ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പ്രസംഗം പുരോഗമിക്കുന്നത്. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ഒടുവില്‍ രാജി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതേസമയം, ഇമ്രാന്‍ ഖാന് എതിരായ അവിശ്വാസ പ്രമേയം പാക് നാഷണല്‍ അസംബ്ലി ഇന്ന് ചര്‍ച്ച ചെയ്തില്ല. പ്രമേയം വോട്ടിനിടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. ഞായറാഴ്ച സഭ വീണ്ടും സമ്മേളിക്കും. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഏപ്രില്‍ മൂന്നിനോ നാലിനോ പാര്‍ലിമെന്റില്‍ നടക്കും. നേരത്തെ പ്രമേയം പിന്‍വലിക്കാന്‍ ഭരണകക്ഷിയായ പി ടി ഐ നേതാവ് ഇമ്രാന്‍ ഖാന്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയും പ്രതിപക്ഷം തള്ളുകയും ചെയ്തു. അതിനിടെ, അവിശ്വാസ പ്രമേയത്തിനെതിരെ പാക്കിസ്ഥാന്‍ സുപ്രീം കോടതിയില്‍ ഇമ്രാന്‍ ഖാന്‍ ഹരജി സമര്‍പ്പിച്ചു. തന്റെ സര്‍ക്കാരിനെ താഴെയിറക്കുന്നതിന് പിന്നില്‍ വിദേശ ശക്തികളാണെന്നും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വിദേശ ശക്തികള്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചട്ടുകമായി ഉപയോഗിക്കുകയാണെന്നും ഇമ്രാന്‍ ഹരജിയില്‍ ആരോപിച്ചു.

 

 

 

 

Latest