pinarayi
2019ല്‍ ചെറിയ അക്കിടി പറ്റിയവര്‍ അബദ്ധം തിരിച്ചറിഞ്ഞു: മുഖ്യമന്ത്രി
കേരളത്തില്‍ നിന്നുള്ള 18 എം പിമാര്‍ നിശബ്ദരായിരുന്നു
തിരുവനന്തപുരം | 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ചെറിയൊരു അക്കിടി പറ്റിയവര്‍ പിന്നീട് വേദനിക്കുകയും അബദ്ധം തിരിച്ചറിയുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബദ്ധം പിണഞ്ഞ ആളുകള്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ട്. അവര്‍ക്ക് അബദ്ധം മനസ്സിലായതിന് തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം.
കേരളത്തില്‍ നിന്നുള്ള 18 എം പിമാര്‍ നിശബ്ദരായിരുന്നു. മുസ്ലിമിന് പൗരത്വം നിഷേധിക്കാന്‍ വേണ്ടിയുള്ള നിയമമാണ് പൗരത്വ നിയമം. ഇത് ലോക രാജ്യങ്ങള്‍ എതിര്‍ത്തു. രാജ്യത്ത് കനത്ത എതിര്‍പ്പുണ്ടായി. ഇതിനെതിരെ വലിയ പ്രതിഷേധ സമരം ഡല്‍ഹിയില്‍ ഉണ്ടായി. എന്നാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംപിയെയും അതില്‍ കണ്ടില്ല.
കേരളം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞു. പാളയത്ത് എല്ലാവരും ചേര്‍ന്ന് പ്രതിഷേധയോഗം ചേര്‍ന്നു. നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. ഒരു ഘട്ടം വരെ കോണ്‍ഗ്രസ് ഒപ്പം ഉണ്ടായി. പിന്നീട് അവരെ കണ്ടില്ല. പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്ര നേതൃത്വം അവരോടു പറഞ്ഞു കാണണം.
യു ഡി എഫിന് കേരളവിരുദ്ധ വികാരമാണുള്ളത്. അവര്‍ കേരളത്തിലെ ജനങ്ങളെ പ്രതികാരബുദ്ധിയോടെ കാണുന്നു. ബി ജെ പിക്കൊപ്പം ചേര്‍ന്നാണ് കോണ്‍ഗ്രസ് ഇത്തരം നിലപാടുകള്‍ എടുക്കുന്നത് എന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിനു പൂര്‍ണ്ണമായി സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുക, അര്‍ഹതപ്പെട്ട വിഹിതം തരാതിരിക്കുക. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് കാണിക്കുന്ന സമീപനം. നമ്മുടെ നാട്ടില്‍ നിന്ന് പോയ 18 അംഗ സംഘം നാടിന് വേണ്ടി ഒരു നിവേദനം നല്‍കാന്‍ പോലും തയാറായില്ല. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പണം സുപ്രിംകോടതിയുടെ ഇടപെടലിലൂടെ കിട്ടേണ്ടി വരുന്നു. 18 അംഗ സംഘം ഇതിലൊന്നും ഇടപെടുന്നില്ല.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാജ്യം മുഴുവന്‍ നടക്കുന്നു. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോള്‍ എന്ത് കൊണ്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളെ അറസ്റ്റ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് കേന്ദ്ര അന്വേഷണ എജന്‍സികള്‍ക്കൊപ്പം നില്‍ക്കും. ചുരുക്കത്തില്‍ ഒരു കേരള വിരുദ്ധ വികാരം കോണ്‍ഗ്രസിനും യു ഡി എഫിനും വന്നിരിക്കു ന്നതായും മുഖ്യമന്ത്രി പറഞ്ഞു.