Connect with us

prathivaram story

ഒരു വക്കാലത്ത്

സ്ത്രീകളുടെ പ്രശ്നമല്ലേ ഇമ്മക്ക് ഇടപെടാൻ പറ്റൂലല്ലോ എന്ന് ഒരു കൂട്ടർ. മരിച്ചുകിടക്കുമ്പോൾ പോലും മടിച്ചി എന്നു പറയുന്ന ഒരു ജനത്തെ എനിക്കോർമ വന്നു.

Published

|

Last Updated

കെട്ടിച്ചുവിട്ട പെൺമക്കളോട് ഭൂരിഭാഗം അമ്മമാരും അന്വേഷിക്കുന്ന ചില കാര്യങ്ങളുണ്ട്. “ഇന്നെന്നാ കറിവച്ചെ ? പിള്ളാര് വല്ലോം കഴിച്ചോ? കുരിശു വരച്ചോ? പച്ചക്കറി പുറത്ത്ന്നാണോ മേടിച്ചെ ? മുളക് പൊടി തീർന്നോ? ആവർത്തിക്കപ്പടുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകലായിരുന്നു ഒരു കാലഘട്ടം മുഴുവൻ ഞാൻ. എന്നാൽ കലണ്ടറിൽ 2020 നവംബർ 3 എന്ന് അടയാളപ്പെടുത്തിയ ആ ദിവസം മുതലാണ് ജീവിതത്തിൽ പ്രത്യേകിച്ച് കുടുംബമെന്ന സംവിധാനത്തിൽ അറിഞ്ഞോ അറിയാതെയോ ഒരു പുരുഷൻ എടുക്കുന്ന റോളിനെക്കുറിച്ച് ഞാൻ പരിചയപ്പെടുന്നത്. ഒരിക്കലെങ്കിലും ചോദ്യങ്ങളുടെ ആവർത്തനം മാറി നിനക്ക് സുഖമാണോ മോളെ എന്ന് വല്ലപ്പോഴെങ്കിലും കേൾക്കാൻ എന്റെ കാതുകൾ ആഗ്രഹിച്ചിരുന്നു.

ആ ഒരു സമയം മുതൽ സ്ത്രീയുടെയും പുരുഷന്റെയും റോൾ അതിന്റെ ഏറ്റവും ഭാരത്തിൽ, വേദനയിൽ, ആധിയിൽ, ഉന്മാദങ്ങളില്ലാതെ അവതരിപ്പിക്കാനുള്ള എന്റെ പെടാപ്പെടലിലാണ് ഞാൻ മനുഷ്യരെ പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങളെ കൂടുതൽ മനസ്സിലാക്കി തുടങ്ങിയത്.
അന്ന് ഞാനും എന്റെ ഏറ്റവും അടുത്ത സുഹൃത്തായ അനിതയും കൂടി തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ഷോപ്പിംഗ് നടത്തുകയായിരുന്നു. സമയം ഏകദേശം രാത്രി ഒന്പത് മണിയായി കാണും. എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അശ്വതി എന്ന് ഡിസ്പ്ലേയിൽ തെളിഞ്ഞു.
ടീച്ചർ ഏട്യാ ?

ആദ്യത്തെ ചോദ്യം. പിന്നെ മഴ വന്ന് വീണ ഇലച്ചില്ല ഉലയും പോലെ ഒരു കരച്ചിലും. സൂപ്പർ മാർക്കറ്റിന്റെ നടവഴിയിൽ നിന്ന് ഞാൻ എന്താ എന്തായെന്ന് ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു. എന്റെ ഉറക്കെയുള്ള ചോദ്യം കേട്ട് അകത്തേക്ക് സാധനങ്ങൾ വാങ്ങുവാൻ പോയ അനിതയും തിരികെയിറങ്ങി.

“ടീച്ചറെ ഞാൻ പൊരേന്ന് ഇറങ്ങി നടക്കുകയാണ്. ഇനി ആവൂല ടീച്ചറെ ഇവിടെ നിക്കാൻ.’ രാത്രി എട്ട് മണിക്ക് അഞ്ചുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെയും എടുത്തു കൊണ്ട് നടക്കുന്ന ഒരു സ്ത്രീയോട് പ്രശ്നത്തിന്റെ രൂക്ഷഭാവങ്ങൾ എന്താണെന്ന് ചോദിക്കാൻ ആ സമയത്ത് ഞാൻ ആഗ്രഹിച്ചില്ല. എവിടെയാ ഉള്ളത് എന്ന് മാത്രം ചോദിച്ചു. ഞാൻ വരുന്ന സമയം വരെ എങ്ങോട്ടേക്കും പോകാതെ ഏതെങ്കിലും വീട്ടിൽ കയറി നിൽക്കണം എന്ന് മാത്രം പറഞ്ഞു. അവൾ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നുള്ള ഭയത്തിൻമേൽ ഞാൻ ഫോൺ കട്ട് ചെയ്യാതെ അവളോട് മിണ്ടിക്കൊണ്ടിരുന്നു.

എന്താ പ്രശ്നം എന്ന് എന്നോട് ചോദിക്കുന്ന അനിതയോട് മറുപടി പറയാതെ ഞാൻ കാറിൽ കയറി. ഒരിടം വരെ പോണം. നീയും വരണം. അത്രമാത്രം ഞാൻ പറഞ്ഞു.ഫോൺ ലൗഡ് സ്പീക്കറോടെ എന്റെ മടിയിലേക്ക് വീണു.ഉയർന്നു കേൾക്കുന്ന പൊട്ടിക്കരച്ചിലിനോട് ഞാനെത്തിയെടീ എന്ന മറുപടി നിരന്തരം ഞാൻ പറഞ്ഞുകൊണ്ടിരുന്നു. കാർ ഇടവഴിയിലേക്ക് തിരിഞ്ഞതും ഇരുട്ടിലും ദുഃഖത്തിലും കുതിർന്ന ഒരു രൂപം കുഞ്ഞിനേയുംകൊണ്ട് വെളിയിൽ നിൽക്കുന്നത് കണ്ടു. അശ്വതി എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അമ്മ മാത്രമായിരുന്നു എന്നു പറഞ്ഞാൽ മാത്രം പോരാ. എന്റെ വീട്ടിലെ തീൻമുറിയിലേക്ക് അതിരുചികരമായ അച്ചാറും ചമ്മന്തി പ്പൊടിയും എത്തിക്കുന്നവൾ കൂടിയായിരുന്നു അശ്വതി.

മഴച്ചാറ്റൽ വീണ് കാഴ്ച മറഞ്ഞെങ്കിലും ഞാൻ കാർ നിർത്തി ഡോർ തുറന്നു. “വേഗം വന്ന് വണ്ടിയിൽ കയറ്’ ഹോംവർക്ക് ചെയ്യാത്ത കുട്ടികളോട് ഒച്ചയിടുന്നത് പോലെ ഞാൻ അശ്വതിയോടും ശബ്ദം ഉയർത്തി പറഞ്ഞു. പരിചയമില്ലാത്ത നാട്ടിൽ നിന്നും ഒരാളെ അസ്വാഭാവികമായ സാഹചര്യത്തിൽ വണ്ടിയിൽ കയറ്റി കൊണ്ടുപോകുമ്പോൾ വരാൻ പോകുന്ന ഭവിഷ്യത്തുകൾ ആ സമയം മുതൽ എന്നെ പിന്തുടരാൻ തുടങ്ങി.അതിലുപരിയായി എനിക്ക് അവളെ കുറിച്ച് കൂടുതലൊന്നും അറിയുകയുമില്ലായിരുന്നു.

“നിനക്ക് പരിചയമുള്ള വീട് ഏതെങ്കിലും ഉണ്ടോ നമുക്ക് അങ്ങോട്ടേക്ക് പോകാം തത്കാലം’.
ഞാൻ പറഞ്ഞു.
“വേണ്ട ടീച്ചറെ എനിക്ക് മരിച്ചാൽ മതി ‘
കൈ രണ്ടും സ്റ്റിയറിംഗിൽ ആയതുകൊണ്ടും അടിക്കാൻ ചൂരൽ ഇല്ലാത്തതുകൊണ്ടും അശ്വതി എന്റെ പ്രഹരത്തിൽ നിന്നും ആ സമയം രക്ഷപ്പെട്ടതായി വേണം പറയാൻ. എന്റെ കുറെ നേരത്തെ നിർബന്ധം കൊണ്ടാണ് അവൾ ഏകദേശം പരിചയമുള്ള ഒരു വീട് പറഞ്ഞത്. ഞാനും അനിതയും അശ്വതിയും കൂടി ആ വീടിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു. ഞങ്ങൾ പ്രവേശിച്ചതും ആണും പെണ്ണും അടക്കം ഒരു കൂട്ടം ആളുകൾ ആ വീടിനെ വിഴുങ്ങുവാൻ തുടങ്ങി. എന്റെ മുഖം കണ്ടതും

“ഓൾക്കൊന്നും പറ്റീലല്ലോ ടീച്ചറെ’ എന്ന ചോദ്യവുമായി കുറച്ചുപേർ അകത്തേക്ക് പ്രവേശിച്ചു. അപ്പോൾ നിങ്ങൾ കണ്ടിരുന്നോ ഇവൾ വഴിയിൽ കൂടി നടക്കുന്നത്? ഞാൻ ചോദിച്ചു. സ്ത്രീകളുടെ പ്രശ്നമല്ലേ ഇമ്മക്ക് ഇടപെടാൻ പറ്റൂലല്ലോ എന്ന് ഒരു കൂട്ടർ. മരിച്ചുകിടക്കുമ്പോൾ പോലും മടിച്ചി എന്നു പറയുന്ന ഒരു ജനത്തെ എനിക്കോർമ വന്നു.

സമയം ഒന്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് , ഒരു മണി , കരച്ചിലിന്റെ കനം കുറഞ്ഞ് തുടങ്ങി. ഒരാളുടെ വീട്ടിലെ പ്രശ്നങ്ങൾ കേൾക്കുവാൻ അല്ലാതെ പൂർണമായി പരിഹരിക്കുവാൻ നമുക്ക് ഒരിക്കലും സാധിക്കില്ല എന്നുള്ള തിരിച്ചറിവ് എപ്പോഴൊക്കെയോ എനിക്ക് ലഭിച്ചിരുന്നത് കൊണ്ട് ഞാനന്ന് മുഴുവൻ ഇരുന്ന് അവൾ പറഞ്ഞതൊക്കെ കേട്ടു. നേരം വെളുപ്പിന് ഇറങ്ങിപ്പോരും മുന്പ് എന്തു വന്നാലും ഞാൻ കുറ്റപ്പെടുത്തില്ല. ഇനിമേൽ കരയരുത് ഞാൻ കൂടെയുണ്ടാകും എന്ന വാക്കിന്റെ ഉറപ്പിന്മേൽ അവൾ അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോയി. തുടർന്നുള്ള ദിവസങ്ങളിൽ എനിക്ക് മനസ്സിലായ കാര്യം അവളെ കേൾക്കാൻ രണ്ട് കാതുകൾ വേണമെന്നുള്ളതായിരുന്നു.അതിന്റെ ഇടയിൽ ഞാൻ ഒരു നിബന്ധന വെച്ചു.എന്നോടല്ലാതെ വേറെ ആരോടും മുറുമുറുപ്പുകളും പരാതിയും പറയരുതെന്ന്.

കുറെ അവൾ അനുസരിച്ചു എന്ന് തോന്നുന്നു. പുളിച്ചു പൊന്തിയൊഴുകുന്ന മാവ് പോലെ അവളുടെ പരാതികൾ രണ്ടുമൂന്ന് ആഴ്ച എന്റെ ചെവിയിലേക്ക് മാത്രം ഒഴുകിക്കൊണ്ടിരുന്നു. പഞ്ചായത്ത് മെമ്പറെ കണ്ട് കുടുംബശ്രീ തുടങ്ങുന്ന പുതിയ അച്ചാറ് കമ്പനിയിൽ ഒരു ജോലിയാക്കി കൊടുക്കുന്നിടം വരെ അവൾക്കു വേണ്ടി മാത്രം എന്റെ ഫോൺ ഉപയോഗിച്ചു എന്ന് വേണം പറയാൻ.

പുഴയോളം മൊഞ്ച് പോലെ പെണ്ണൊഴുകി ജീവിക്കുന്നത് പിന്നെ ഞാൻ കണ്ടു തുടങ്ങുകയായിരുന്നു. അശ്വതിക്കിപ്പോൾ സ്വപ്നങ്ങൾ ഉണ്ട്. അവളുണ്ടാക്കുന്ന അച്ചാർ ഭരണികൾ ഉച്ചയൂണുകളിൽ താരമാകുന്നു എന്നുള്ളത് അവളുടെ മാത്രം അഭിമാനമാണ്. അശ്വതിയുടെ ഭർത്താവ് ഇപ്പോൾ അന്യ രാജ്യത്താണ്. മരുഭൂമിയിലെ വേനലിൽ പരാതിയായിട്ടെങ്കിലും അവളുടെ സ്വരത്തിന് വേണ്ടി അയാൾ കാതോർത്തിരിക്കുന്നു. ഒറ്റപ്പെട്ടു പോകുമ്പോഴാണല്ലോ മനുഷ്യൻ ബന്ധങ്ങളുടെ വിലയറിയുന്നത്. പെണ്ണിന്റെ കണ്ണീരി നല്ല വില പെണ്ണിന്റെ ധൈര്യമാണ് അവളുടെ വില നിശ്ചയിക്കുന്നത് എന്ന് ഈ പുതുവർഷത്തിൽ അവൾ സ്റ്റാറ്റസ് എഴുതിയിട്ടു.

ജീവിതത്തിൽ ഒരാൾക്കുവേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും അവരെ കേൾക്കുക എന്നത് വളരെ വലിയ കാര്യമാണെന്ന് എനിക്കും മനസ്സിലായി.എങ്കിലും ഒരേ ആകാശവും ഭൂമിയും മണ്ണും ജലവും പങ്കുവെക്കുന്ന മനുഷ്യർ തന്റെ ഗണത്തിൽ പെട്ട ഒരു സ്ത്രീ പാതിരാത്രിയിൽ കരഞ്ഞുകൊണ്ട് ഇറങ്ങി നടക്കുന്നത് കണ്ടിട്ടും നിനക്കെന്താ പറ്റിയത് എന്ന് ചോദിച്ച് അവളുടെ കൈ പിടിക്കാത്തതിന്റെ പിറകിലെ യുക്തിയും ഭക്തിയും എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.

nishaantony2683@gmail.com

Latest