Ongoing News
ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിച്ചു
ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ:ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘമാണ് കിസ്വ അണിയിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്

മക്ക \ ഭക്തിനിര്‍ഭരമായ ചടങ്ങില്‍,ജനലക്ഷങ്ങളെ സാക്ഷിയാക്കി പുതുഹിജ്റ വര്ഷത്തില്‍ വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിച്ചു. ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ:ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘമാണ് കിസ്വ അണിയിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച ചടങ്ങുകള്‍ പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.കനത്ത സുരക്ഷയില്‍ ഉമ്മുല്‍ജൂദിലെ കിസ്വ ഫാക്ടറിയിലെ ഉദ്യോഗസ്ഥരും ,ഹറം കാര്യാലയ ജീവനക്കാരുമാണ് 1,350 കിലോഗ്രാം ഭാരവും 14 മീറ്റര്‍ ഉയരവുമുള്ള കിസ്വ ഉയര്‍ത്തിയത്.കഅ്ബയുടെ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ ശൈബി കുടുംബാഗംങ്ങളും ചടങ്ങില്‍ പങ്കെടുത്തു
സുരക്ഷാ അകമ്പടിയോടെ പൂര്‍ണമായും അണുമുക്തമാക്കിയ പ്രത്യേക ട്രക്കിലാണ് കിസ്വ മക്കയിലെ ഉമ്മുല്‍ ജൂദിലെ കിസ്വ സമുച്ചയത്തില്‍ നിന്നും കഅബാലയത്തിലെത്തിച്ചത്,
200-ഓളം ജീവനക്കാരാണ് 2 കോടിയോളം റിയാല്‍ ചിലവില്‍ ശുദ്ധമായ പട്ടുനൂല്‍ ഉപഗോയിച്ച് കിസ്വയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .കഅബയുടെ നാല് ചുമരുകള്‍ക്കും വാതിലിനുമായി പ്രധാനമായും 5 കഷ്ണങ്ങള്‍ ആയാണ് കിസ്വ തയ്യാറാക്കുന്നത്.കഅബയുടെ നാല് ചുമരുകളിലും കിസ്വ വസ്ത്രം മുകളില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടതിന് ശേഷമാണ് കിസ്വ തുന്നിച്ചേര്‍ക്കുക.ഹജ്ജ് വേളയിലെ കനത്ത തിരക്ക് കണക്കിലെടുത്ത് എല്ലാ വര്‍ഷവും ഹറംകാര്യ മന്ത്രാലയം കിസ്വ ഉയര്‍ത്തിക്കെട്ടിയിരുന്നു. ഈ വര്‍ഷവും പുതുതായി കഅ്ബാലയത്തെ അണിയിച്ച കിസ്വയും ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട് , ഹജ്ജ് സീസണ്‍ അവസാനിക്കുന്നതോടെ വീണ്ടും കിസ്വ താഴ്ത്തിയിടുകയാണ് പതിവ്
ദുല്‍ഹിജ്ജ ആദ്യവാരത്തില്‍ കിസ്വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിനായിരുന്നു വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിക്കല്‍ ചടങ്ങ് നടന്നിരുന്നത്. 2022ല്‍ കിസ്വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താന്‍ തിരുഗേഹങ്ങളുടെ സേവകനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു.