Kerala
ആലത്തൂരില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ്ഐ നിരുപാധികം മാപ്പ് പറഞ്ഞു
മാപ്പുപറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം കോടതി അംഗീകരിച്ചു.
ആലത്തൂര്‍| ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍വച്ച് അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എസ്ഐ നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എസ്‌ഐ റിനീഷ് വിആര്‍ ആണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചിന് മുമ്പാകെ മാപ്പ് പറഞ്ഞത്. മാപ്പുപറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം കോടതി അംഗീകരിച്ചു.
അഭിഭാഷകനായ അക്വിബ് സുഹൈലിനോടാണ് എസ്‌ഐ അപമര്യാദയായി പെരുമാറിയത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി എത്തിയ അക്വിബ് സുഹൈലിനോട് എസ്ഐ റിനീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഈ വിഷയത്തില്‍ കോടതി ഇടപ്പെട്ടത്.
എസ്‌ഐക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു. സംഭവത്തില്‍ എസ്ഐക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി പത്തു ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.