Connect with us

punjab election 2022

അമരീന്ദർ ഗ്രാമങ്ങളിൽ; ബി ജെ പി നഗരങ്ങളിൽ

ഗ്രാമീണ മേഖലകളിലെ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പഞ്ചാബ് ലോക് കോൺഗ്രസ്സാണ്.

Published

|

Last Updated

മുഖ്യമന്ത്രിപദത്തിൽ നിന്ന് കോൺഗ്രസ്സ് ഹൈക്കമാൻഡ് പുറത്താക്കിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപവത്കരിച്ചതും ബി ജെ പിയുമായി സഖ്യം പ്രഖ്യാപിച്ചതും. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്സും (പി എൽ സി) അമിത് ഷായുടെ ബി ജെ പിയും തമ്മിലുള്ള സീറ്റ് വീതം വെപ്പ് പൂർത്തിയായി. പഞ്ചാബ് ലോക് കോൺഗ്രസ്സ് 37 സീറ്റുകളിലും ബി ജെ പി 65 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിൽ അമരീന്ദർ സിംഗ് ഗ്രാമങ്ങളിലും ബി ജെ പി നഗരങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലകളിലെ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പഞ്ചാബ് ലോക് കോൺഗ്രസ്സാണ്. ശിരോമണി അകാലിദളുമായി സഖ്യത്തിലായിരുന്നപ്പോൾ മത്സരിച്ചിരുന്ന 23 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബി ജെ പി സ്ഥാനാർഥികളെ നിർത്തുക.

ഏറ്റവും കൂടുതൽ സീറ്റിൽ മത്സരിക്കുന്നത് ബി ജെ പിയാണെങ്കിലും അമരീന്ദറിന് നേട്ടം കൊയ്യാനാകുമെന്ന വിശ്വാസത്തിലാണ് അവർ. അമൃത്സർ സൗത്ത്, രാജാ സാൻസി, നവാൻഷഹർ, ബട്ടിൻഡ അർബൻ, ലുധിയാന സൗത്ത്, ലുധിയാന ഈസ്റ്റ്, ആതം നഗർ, പട്യാല അർബൻ, സമാന, മലേർകോട്‌ല എന്നിവയാണ് പഞ്ചാബ് ലോക് കോൺഗ്രസ്സ് മത്സരിക്കുന്ന നഗര മണ്ഡലങ്ങൾ.

പി എൽ സിയുടെ 37 മണ്ഡലങ്ങളിൽ 26ഉം ദക്ഷിണ പഞ്ചാബിന്റെ ഭാഗമായി വരുന്ന മാൾവ മേഖലയിലാണ്. ബുധ്്ലാഡ, മാൻസ, രാംപുര ഫുൽ, ബട്ടിൻഡ അർബൻ, ബട്ടിൻഡ റൂറൽ, ധരംകോട്ട്, നിഹാൽ സിംഗ് വാല, ദഖ, ലുധിയാന സൗത്ത്, അത്തം നഗർ, ലുധിയാന ഈസ്റ്റ്, പട്യാല, സനൗർ, സമാന, ശുത്രാന, പട്യാല റൂറൽ , ബദൗർ, അമർഗഡ്, ഫിറോസ്പൂർ റൂറൽ, സിറ, കോട്കപുര, ബസ്സി പത്താന, ഖരാർ, ഗിദ്ദർബാഹ, മലൗട്ട്, മലർകോട്്ല തുടങ്ങിയ മാൾവ മണ്ഡലങ്ങളിലാണ് അമരീന്ദറിന്റെ പാർട്ടി പ്രധാനമായും മത്സരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഗ്രാമീണ സീറ്റുകളാണ്. അമരീന്ദറിന്റെ ശക്തികേന്ദ്രമായ ബറോ പട്യാലയും മാൾവയുടെ ഭാഗമാണ്.
കർഷക പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന മാൾവ മേഖലയിൽ പ്രചാരണത്തിന് പോലും ബി ജെ പിയെ അടുപ്പിച്ചേക്കില്ല. ഇത് മുന്നിൽക്കണ്ടാണ് സീറ്റ് വിഭജനത്തിൽ ഗ്രാമീണ മേഖല അമരീന്ദറിന് പൂർണമായി നൽകാൻ ബി ജെ പി തീരുമാനിച്ചത്. എങ്കിലും ഹരിയാനയോട് ചേർന്നുള്ള പട്യാല മേഖലയിൽ നിന്നുള്ള നാല് മണ്ഡലങ്ങളിൽ ബി ജെ പി മത്സരിക്കുന്നുണ്ട്. മേഖലയിലെ പട്യാല അർബൻ, റൂറൽ സീറ്റുകൾ, സനൗർ, സമാന, ശുത്രാന എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് പി എൽ സി മത്സരിക്കുന്നത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മജ്ഹ മേഖലയിലെ അമൃതസർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും അമരീന്ദർ മുമ്പ് ശക്തിതെളിയിച്ചിട്ടുണ്ട്. 2014ൽ മോദി തരംഗം ആഞ്ഞുവീശീയ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമൃത്സർ മണ്ഡലത്തിൽ നിന്ന് ബി ജെ പിയിലെ ശക്തനായിരുന്ന അരുൺ ജെയ്്റ്റ്്ലിയെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് അമരീന്ദർ പരാജയപ്പെടുത്തിയിരുന്നു. മജ്ഹ മേഖലയിൽ രാജാ സാൻസി, അമൃത്സർ സൗത്ത്, ജൻഡിയാല, അജ്‌നാല, ഖാദൂർ സാഹിബ്, പാട്ടി, ഫത്തേഗഡ് ചൂരിയൻ എന്നിവിടങ്ങളിൽ നിന്നാണ് പി എൽ സി മത്സരിക്കുന്നത്. ദോബ മേഖലയിലെ നാല് സീറ്റുകൾ മാത്രമാണ് പി എൽ സി മത്സരിക്കുക.

കർഷക പ്രക്ഷോഭത്തിന്റെ അലയൊലികൾ അവസാനിക്കാത്തതിനാൽ ബി ജെ പിയിലും അമരീന്ദറിലും പഞ്ചാബിലെ വോട്ടർമാർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. എന്നാൽ, അമരീന്ദറിന്റെ ശക്തികേന്ദ്രമായ മേഖലകളിൽ എന്ത് സംഭവിക്കുമെന്നത് കണ്ടറിയേണ്ടതാണ്. 117 ൽ 25 മണ്ഡലങ്ങളിലെങ്കിലും അമരീന്ദറിന് നിർണായക സ്വാധീനമുണ്ട്. കോൺഗ്രസ്സ് വോട്ടുകൾ വിഭജിക്കാൻ അമരീന്ദറിന്റെ രംഗപ്രവേശം കാരണമാകുമോയെന്നാണ് രാഷ്്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Latest