Kerala
സി പി ഐ ജില്ലാ കൗൺസിൽ: രാജിക്കത്ത് നൽകി മുഹ്സിൻ എം എൽ എ
മുഹ്സിനെതിരെ കടുത്ത നടപടികളിലേക്ക് സി പി ഐ ജില്ലാ നേതൃത്വം നീങ്ങുമെന്നാണ് റിപ്പോർട്ട്.
പാലക്കാട് | സി പി ഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചുള്ള കത്ത് കൈമാറി മുഹമ്മദ് മുഹ്സിൻ എം എൽ എ. വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹ്സിനെ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. ജില്ലയിൽ നിന്നുള്ള സി പി ഐയുടെ ഏക എം എൽ എയാണ് പട്ടാമ്പി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മുഹമ്മദ് മുഹ്സിൻ.
മുഹ്സിനെതിരെ കടുത്ത നടപടികളിലേക്ക് സി പി ഐ ജില്ലാ നേതൃത്വം നീങ്ങുമെന്നാണ് റിപ്പോർട്ട്. ഏറെ നാളായി ജില്ലാ നേതൃത്വവും മുഹ്സിനും തമ്മിൽ പോര് ആരംഭിച്ചിട്ട്. ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് മുഹ്സിൻ കത്തിൽ പറയുന്നു.
അതേസമയം, മുഹ്സിനെതിരെയുള്ള നടപടിയിൽ സി പി ഐയിലും കടുത്ത പ്രതിഷേധമുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. ഇസ്മാഈൽ പക്ഷത്താണ് മുഹ്സിൻ.