Kerala
ജമാഅത്തെ ഇസ്ലാമി പ്രതിരോധത്തില്‍; ചര്‍ച്ചയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്, ലീഗ്, ഐ എന്‍ എല്‍ നേതാക്കള്‍
മറ്റ് മുസ്ലിം സംഘടനകള്‍ക്ക് സംഘ്പരിവാര്‍ സംഘടനകളോടും കേന്ദ്ര സര്‍ക്കാറിനോടുമുള്ള സമീപനത്തില്‍ വീര്യം പോരാ എന്ന് നിരന്തരം വിമര്‍ശിക്കാറുള്ള ജമാഅത്തെ ഇസ്ലാമി ആര്‍ എസ് എസുമായുള്ള രഹസ്യ ചര്‍ച്ചയുടെ പേരില്‍ പ്രതിരോധത്തിലായതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം എങ്ങനെ മറുപടി പറയണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അണികള്‍.
കോഴിക്കോട് | ആര്‍ എസ് എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്ലാമി വെട്ടില്‍. അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും തൃപ്തികരമായൊരു വിശദീകരണം നല്‍കാനാകാതെ പ്രതിരോധത്തില്‍ നില്‍ക്കുകയാണ് സംഘടനാ നേതൃത്വം. ചര്‍ച്ചയുടെ പാശ്ചാത്തലത്തില്‍ മുസ്ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ജമാഅത്തെ ഇസ്ലാമിക്കെതിരെ രംഗത്തുവന്നു.
കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, ഐ എന്‍ എല്‍ നേതാക്കള്‍ ചര്‍ച്ചയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. മന്ത്രി അഹ്മദ് ദേവര്‍കോവില്‍, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, കെ മുരളീധരന്‍ തുടങ്ങിയവര്‍ ചര്‍ച്ചക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് നടത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചിരുന്ന കെ മുരളീധരനും ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നു.
അതേസമയം, ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും അനിവാര്യമായിരുന്നുവെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി അഖിലേന്ത്യാ സെക്രട്ടറി ടി ആരിഫലി രംഗത്തെത്തി. സമുദായത്തിന്റെ ആവലാതികള്‍ ആര്‍ എസ് എസുമായി ചര്‍ച്ച ചെയ്യണമെന്നാണ് നിലപാടെന്ന് അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. എന്നാല്‍, ആവലാതികളോട് ആര്‍ എസ് എസ് എങ്ങനെ പ്രതികരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സുതാര്യമായിരുന്നുവെങ്കില്‍ ജനുവരി 14ന് നടന്ന ചര്‍ച്ച എന്തിന് ജമാഅത്തെ ഇസ്ലാമി ഇത്രയും കാലം രഹസ്യമാക്കി വെച്ചുവെന്നാണ് ഉയരുന്ന ചോദ്യം. ചര്‍ച്ചയെക്കുറിച്ച് ജമാഅത്തെ ഇസ്ലാമിയും ആര്‍ എസ് എസും പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് നല്‍കുന്നത് എന്നതും സംശയം ജനിപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടതനുസരിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് ആര്‍ എസ് എസും, ആര്‍ എസ് എസ് ആവശ്യമനുസരിച്ചാണ് കൂടിക്കാഴ്ചയെന്നാണ് ജമാഅത്തെ ഇസ്ലാമിയും അവകാശപ്പെടുന്നത്.
മറ്റ് മുസ്ലിം സംഘടനകള്‍ക്ക് സംഘ്പരിവാര്‍ സംഘടനകളോടും കേന്ദ്ര സര്‍ക്കാറിനോടുമുള്ള സമീപനത്തില്‍ വീര്യം പോരാ എന്ന് നിരന്തരം വിമര്‍ശിക്കാറുള്ള ജമാഅത്തെ ഇസ്ലാമി ആര്‍ എസ് എസുമായുള്ള രഹസ്യ ചര്‍ച്ചയുടെ പേരില്‍ പ്രതിരോധത്തിലായതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം എങ്ങനെ മറുപടി പറയണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അണികള്‍. സമ്മേളനത്തിന് ബി ജെ പി നേതാക്കളെ ക്ഷണിച്ചതിന് ജമാഅത്തെ ഇസ്ലാമി വലിയ വിമര്‍ശമുന്നയിച്ച കെ എന്‍ എം നേതൃത്വവും ഇപ്പോള്‍ ആര്‍ എസ് എസുമായി നടത്തിയ ചര്‍ച്ചയെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.
ദുരൂഹം, ഭീരുത്വം: ദേവര്‍കോവില്‍
മുസ്ലിം വിരുദ്ധ പ്രത്യയശാസ്ത്രം ഉള്‍വഹിക്കുന്ന ആര്‍ എസ് എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കവും ധാരണയും വ്യക്തമാക്കാന്‍ ഇരുപക്ഷവും തയ്യാറാകണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് അഹ്്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടു. ഗാന്ധി വധത്തെ ന്യായീകരിക്കുകയും ബാബരി ധ്വംസനത്തിന് നേതൃത്വം നല്‍കുകയും തകര്‍ക്കേണ്ട മറ്റു പള്ളികളുടെ ലിസ്റ്റ് തയ്യാറാക്കി വിഷം ചീറ്റുകയും ചെയ്യുന്ന ആര്‍ എസ് എസ് കുതന്ത്രത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളുമായുള്ള ചര്‍ച്ചാ നാടകം. മുഖ്യധാരാ മുസ്ലിം സംഘടനകളെല്ലാം ഈ ചതിക്കുഴി തിരിച്ചറിഞ്ഞ് മുന്നേറുമ്പോള്‍ അവരുമായി ജമാഅത്തെ ഇസ്ലാമി നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ ദുരൂഹവും ഭീരുത്വവുമാണ്.
ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ആര്‍ എസ് എസിനെ നേര്‍വഴിയിലാക്കാമെന്ന് കരുതുന്നതിലും മൗഢ്യം മറ്റൊന്നില്ല. ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തുനിര്‍ത്തി മുഖംമിനുക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന ചതുരോപായങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹവും മതവിശ്വാസികളും ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.