Connect with us

Educational News

കുത്തഴിഞ്ഞ് മൂല്യനിർണയം; 'ഇഗ്നോ' പരീക്ഷകളിൽ കൂട്ടത്തോൽവി; പരാതിയുമായി വിദ്യാർഥികൾ

ഒരു പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും ഒരേ പാറ്റേണിൽ മാർക്ക്; മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും യൂനിവേഴ്സിറ്റി അധികൃതർക്കും വിദ്യാർഥികളുടെ കൂട്ടപരാതി

Published

|

Last Updated

കോഴിക്കോട് | ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റിയുടെ പരീക്ഷാ മൂല്യനിർണയത്തിൽ അപാകത ആരോപിച്ച് വിദ്യാർഥികൾ രംഗത്ത്. മൂല്യനിർണയത്തിലെ അപാകത കാരണം ശരിയായി പരീക്ഷ എഴുതുന്ന നിരവധി വിദ്യാർഥികൾക്ക് കൂട്ടത്തോൽവി സംഭവിക്കുന്നതായാണ് പരാതി. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ടി ഇ ഇ പരീക്ഷയിലും കൂട്ടത്തോൽവിയുണ്ടായി. നിരവധി വിദ്യാർഥികൾക്ക് പൂജ്യം മാർക്കാണ് ലഭിച്ചത്. പുനർ മൂല്യനിർണത്തിന് അപേക്ഷിച്ച ഇവരിൽ പലർക്കും ഉയർന്ന മാർക്ക് ലഭിച്ചതോടെയാണ് പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ പുറത്തറിയുന്നത്.

കുത്തഴിഞ്ഞ നിലയിലാണ് ഇഗ്നോയുടെ മൂല്യനിർണയമെന്നാണ് പരാതി. മൂല്യനിർണയ ക്യാമ്പുകൾക്ക് പകരം അധ്യാപകർ വീടുകളിൽവെച്ചാണ് മൂല്യനിർണയം നടത്തുന്നത്. ഇത് പലപ്പോഴും മൂല്യനിർണയം പ്രഹസനമാക്കി മാറ്റുകയാണെന്ന് വിദ്യാർഥികൾ പറയുന്നു. മൂല്യനിർണയം നടത്തുന്ന വ്യക്തിക്ക് 200ഉം 300 ഉം പേപ്പറുകൾ ഒരുമിച്ച് നൽകുന്നതിനാൽ മൂല്യനിർണയം ശരിയായി നടക്കുന്നില്ല. ഒരു പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും ഒരേ പാറ്റേണിൽ ആണ് മാർക്ക് ലഭിക്കുന്നത്. ഉത്തരപേപ്പർ പകർപ്പ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

അലക്ഷ്യമായി മാർക്കിട്ടതും ശരിയായി നോക്കാത്തതുമായ പേപ്പറുകൾ ഇതിൽ കണ്ടെത്തിയെന്നാണ് വിദ്യാർഥികൾ പറയുന്നത്. 25 പേപ്പർ അടങ്ങുന്ന ഒരു ബുക്ക് ലെറ്റ് ആണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇഗ്നോ നൽകുന്നത്. ഇതുപൂർണമായും പരിശോധിച്ച ശേഷം ഒന്നാം പേജിൽ മാർക്ക് രേഖപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ പല ഉത്തരക്കടലാസുകളും ഉൾപേജുകൾ പരിശോധിക്കാതെ ഒന്നാം പേജിൽ സുമാർ മാർക്ക് രേഖപ്പെടുത്തിയ നിലയിലാണത്രെ കണ്ടെത്തിയത്.

പുനർ മൂല്യ നിർണയത്തിന് ഒരു പേപ്പറിന് 750 രൂപയാണ് യൂനിവേഴ്സിറ്റി ഫീസ് ഈടാക്കുന്നത്. കൂടുതൽ പേപ്പറുകളൽ പാസ് മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് വലിയ തുക തന്നെ മൂല്യ നിർണയത്തിന് മുടക്കേണ്ട സ്ഥിതിയാണ്. ഇത് നൽകി പുനർമൂല്യ നിർണയം നടത്തിയാൽ ശരിയായ മാർക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. പൂനർ മൂല്യനിർണയത്തിന്റെ മറവിൽ യൂനിവേഴ്സിറ്റി കൊള്ളലാഭം കൊയ്യുന്നുവെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.

ഒ എം ആർ പരീക്ഷയുടെ മൂല്യനിർണയത്തിലും പിശകുണ്ട്. ആൻസർ കീ പ്രകാരം 50 ൽ 30 – 38 ശരിയുത്തരങ്ങൾ ഉറപ്പായവർക്ക് പോലും എട്ടും പത്തും മാർക്കുകളാണ് ലഭിച്ചത്. ഒ എം ആർ വിഷയങ്ങൾ പുനർമൂല്യനിർണയം ചെയ്യാനും കഴിയില്ല. ഇതിനാൽ വീണ്ടും പരീക്ഷ എഴുതുകയേ വഴിയുള്ളൂ. ഇത്തരത്തിൽ വലിയ അപാകതകൾ സംഭവിച്ചിട്ടും യൂണിവേഴ്സിറ്റി സ്വമേധയാ അന്വേഷണം നടത്തിയിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു. നേരത്തെയും ഇത്തരം പിശകുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെങ്കിലും കൊവിഡ് കാലത്തിന് ശേഷം സ്ഥിതി കൂടുതൽ വഷളായെന്നും അവർ പറയുന്നു.

സർവകലാശാല അധികൃതർക്ക് പലപ്പോഴും പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. നിലവിൽ 160 വിദ്യാർഥികൾ ചേർന്ന് ഇഗ്നോയുടെ വൈസ് ചാൻസിലർക്ക് മാസ് പെറ്റിഷൻ നൽകിയിട്ടുണ്ട്. അതിൻറെ കോപ്പികൾ യു.ജി.സി. ഡിസ്റ്റൻസ് ബ്യൂറോ, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഇഗ്നോയുടെ ഇവാലുവേഷൻ സെൻററുകൾ, സൈക്കോളജി ഡീൻ, ഡീൻ ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ്, ഹെഡ് ഡിപ്പാർട്ട്മെൻറ് ഓഫ് സൈക്കോളജി എന്നിവർക്കും അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാർഥികൾ പരാതി അയച്ചിട്ടുണ്ട്.

Latest