Connect with us

Articles

നീതിപീഠത്തിനു മുന്നില്‍ നിറകണ്‍ചിരിയോടെ

ഏറ്റവുമൊടുവിലത്തെ കോടതി വിധി ഹിന്ദുത്വ ഫാസിസത്തിനും അത് ഉത്പാദിപ്പിക്കുന്ന വിദ്വേഷ പ്രത്യയശാസ്ത്രത്തിനും സമീപകാലത്ത് ഏറ്റുവാങ്ങേണ്ടിവന്ന കനത്ത പ്രഹരമാണ്. അതിലടങ്ങിയ താക്കീതിന് ബഹുസ്വര സമൂഹത്തില്‍ വലിയ പ്രസക്തിയുണ്ട്. ന്യൂനപക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടാന്‍ നീതിപീഠം ഉയര്‍ത്തിക്കാണിച്ച ഭരണഘടനാ തത്ത്വങ്ങളും ബുള്‍ഡോസര്‍ ഗുണ്ടായിസത്തെ തള്ളിപ്പറയാന്‍ മുന്നോട്ടുവെച്ച നിയമയുക്തിയും ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്.

Published

|

Last Updated

രാജ്യത്തെ ദുര്‍ബല ജനവിഭാഗം, വിശിഷ്യാ മുസ്‌ലിം ന്യൂനപക്ഷം ആഹ്ലാദാരവത്തോടെ ആഘോഷിക്കേണ്ട ദിനമാണ് നവംബര്‍ 13. അന്നാണ് രാജ്യത്തെ പൗരന്മാര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതത്തിന് തുല്യമായ അവകാശമുണ്ടെന്നും ഏതെങ്കിലും ജനവിഭാഗത്തെ അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് രണ്ടാം കിട പൗരന്മാരായി ചവിട്ടിമെതിക്കുന്നത് “നിയമവാഴ്ചയുടെ’ കടക്കല്‍ കത്തിവെക്കലാണെന്നും പരമോന്നത നീതിപീഠം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്. 20 കോടി മുസ്‌ലിംകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന നീതിയുടെ ദൃഢ ശബ്ദമാണ് സുപ്രീം കോടതിയില്‍ നിന്ന് “ബുള്‍ഡോസര്‍ ജസ്റ്റിസ്’ കേസില്‍ കേള്‍ക്കാന്‍ കഴിഞ്ഞത്. മത ഭ്രാന്ത് തലക്കുപിടിച്ച ഒരു
ഉദ്യോഗസ്ഥന്, നിസ്സാര കാരണം പറഞ്ഞ്, ഏത് നേരത്തും ഒരു പ്രത്യേക ജനവിഭാഗത്തിന്റെ കൂരക്കുമേല്‍ ബുള്‍ഡോസര്‍ കയറ്റി അവന്റെ താമസ സ്ഥലവും ജീവിതോപാധിയും ഇടിച്ചുനിരപ്പാക്കാം എന്ന ഭീകരാവസ്ഥക്ക് അറുതി വരുത്താന്‍ “ബുള്‍ഡോസര്‍ ജസ്റ്റീസി’ന് എതിരായ കോടതി വിധിക്ക് സാധിക്കുമെങ്കില്‍ 1947ല്‍ അല്ല 2024ല്‍ ആണ് സ്വാതന്ത്ര്യം അതിന്റെ പൂര്‍ണാര്‍ഥത്തില്‍ വകവെച്ചുകിട്ടിയതെന്ന് ഉറപ്പിച്ചുപറയാം.

ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഏത് നേരത്തും ഗസ്സയുടെയോ പടിഞ്ഞാറെ കരയുടെയോ ഏത് കോണിലും ബോംബിട്ട് ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാം. ലോകത്തൊരു ശക്തിയും ചോദിക്കാന്‍ പോകുന്നില്ല. അത്രക്കും കിരാതമാണ് നെതന്യാഹുവിനെ തുറന്നുവിട്ട ലോകവ്യവസ്ഥ. അതുപോലെ, യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഏത് സമയത്തും, ആരോടും ചോദിക്കാതെ പാവപ്പെട്ട മുസ്‌ലിമിന്റെ വീടോ കടയോ കൊച്ചു ‘കാര്‍ക്കാന’യോ ബുള്‍ഡോസര്‍ വെച്ച് ഇടിച്ചുനിരപ്പാക്കാം. അതിനെതിരെ ആര് പ്രതിഷേധിക്കാന്‍ മുന്നോട്ടുവന്നോ അവനെ പിന്നീട് പരതേണ്ടത് ജയിലറയിലായിരിക്കും. ദേശവിരുദ്ധ കുറ്റമായിരിക്കാം നാളെ പോലീസ് അവന്റെ മേല്‍ ചുമത്താന്‍ പോകുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ ആസ്ഥാനമായി മോദി യുഗത്തില്‍ ഇന്ത്യ മാറിയപ്പോള്‍ ബുള്‍ഡോസര്‍ എന്ന യന്ത്രം ഒരു ജനതയുടെ പേടിസ്വപ്‌നമായി രൂപംപ്രാപിച്ച ലജ്ജാവഹമായ ദുരന്താവസ്ഥ. ഭരണകൂടത്തിന്റെ അപ്രീതിക്ക് ആര് പാത്രമായോ അവനെ ശിക്ഷിക്കാന്‍ ഉടന്‍ തീരുമാനിക്കുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥനായിരിക്കും. പോലീസ് അന്വേഷണമോ എഫ് ഐ ആറോ സമന്‍സോ കോടതിയോ വിചാരണയോ തീര്‍പ്പോ ഒന്നിന്റെയും ആവശ്യമില്ല. പകതീര്‍ക്കാന്‍ ഏത് നിഷ്ഠൂരതയും പുറത്തെടുക്കുന്ന ഇരുള്‍മുറ്റിയ സാമൂഹികാന്തരീക്ഷം. രായ്ക്കുരാമാനം, നിര്‍ഭയം, അതിക്രൂരമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് അയാള്‍ ശിക്ഷ നടപ്പാക്കാന്‍ അത്യാവേശം കാട്ടുന്നത് ഭരണകൂടം തനിക്കൊപ്പമുണ്ടെന്ന ഉറച്ച ബോധ്യത്തിലാണ്.

നിയമവാഴ്ച എന്ന ഭരണഘടനാ സങ്കല്‍പ്പത്തെ കാറ്റിൽപ്പറത്തിയാണ് ഈ ബോധ്യം വളര്‍ന്നിരിക്കുന്നതെന്ന് വ്യാഖ്യാനിക്കുന്നത് പരമോന്നത നീതിപീഠമാണ്. സ്റ്റേറ്റിന്റെ അധികാരത്തില്‍ നിന്നുള്ള പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനമായ നിയമവാഴ്ചയാണ് ഇവിടെ പിച്ചിച്ചീന്തപ്പെടുന്നതെന്ന് കോടതി ഊന്നിപ്പറയുന്നു. ജനാധിപത്യത്തിന്റെയും പൗരാഭിമുഖ്യമുള്ള നല്ല ഭരണത്തിന്റെയും അടിസ്ഥാന ശിലകളാണ് അതോടെ തച്ചുതകര്‍ക്കപ്പെടുന്നത്. ഭരണകൂടം അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് തടയുക എന്നതാണ് നിയമവാഴ്ചയുടെ അടിസ്ഥാന ധര്‍മം. നിയമം നടപ്പാക്കുന്നത് പൗരന്മാരെ ശിക്ഷിക്കാന്‍ വേണ്ടിയാണെന്ന തെറ്റായ ധാരണയാണ് ജസ്റ്റിസ് ഗവായിയും ജസ്റ്റിസ് കെ വി വിശ്വനാഥനുമടങ്ങുന്ന ബഞ്ച് നവംബര്‍ 13ന്റെ വിധിയോടെ തിരുത്തിയിരിക്കുന്നത്. ബുള്‍ഡോസര്‍ രാജിനെതിരെ ധര്‍മരോഷം കൊള്ളാറുള്ള മാധ്യമങ്ങള്‍ പോലും പക്ഷേ, ന്യായാസനത്തിന്റെ ചരിത്രപ്രധാനമായ തീര്‍പ്പിന്റെ പൊരുള്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നതിനു പകരം വിവാദങ്ങള്‍ക്ക് പിന്നാലെ പായുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ നമ്മുടെ രാജ്യത്ത് നടമാടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് റഡാര്‍ തിരിച്ചുവെച്ച ആഗോള സമൂഹം ഈ വിധിയെ സഗൗരവം പിന്തുടര്‍ന്നുവെന്ന് മാത്രമല്ല അതിനു പിന്നിലെ രാഷ്ട്രീയത്തെ തൊട്ടുകാണിക്കാന്‍ ബദ്ധശ്രദ്ധരാകുകയും ചെയ്തു. ഉദാഹരണത്തിന്, ബുള്‍ഡോസര്‍ രാജ് എന്ന് വിശേഷിപ്പിക്കാറുള്ള ഭീകരമായ നശീകരണത്തിനെതിരെ ഇതിനകം ലോകസമൂഹത്തിന് മുന്നില്‍ രണ്ട് പഠന റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ച ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അഭിപ്രായപ്പെട്ടത് സുപ്രീംകോടതി വിധി, ഒരു ജനതയെ മൊത്തം ഭീകരരായി ചിത്രീകരിച്ച് അവര്‍ക്കുമേല്‍ ബുള്‍ഡോസര്‍ പായിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തിന്റെ പകലറുതി ആണെന്നാണ്. ആ ദുഷ്‌കൃത്യത്തിലടങ്ങിയ ഭരണഘടനാ വിരുദ്ധതയും നിയമലംഘനവും ക്രൂരതയുമാണ് ന്യായാസനം എണ്ണിപ്പറഞ്ഞിരിക്കുന്നത്. നിയമവിരുദ്ധമായി പൗരന്മാരുടെ ഭവനങ്ങളും സ്വത്തുക്കളും തകര്‍ക്കുന്ന ക്രൂരവും മനുഷ്യത്വഹീനവുമായ ചെയ്തിക്ക് അന്ത്യം കുറിക്കുന്നതാകും കോടതി വിധി എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കോള്‍മാര്‍ഡ് പ്രതീക്ഷ കൈമാറുന്നത്.

യു പിയില്‍ മാത്രമല്ല, ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും ഗുജറാത്തിലും ഹരിയാനയിലും അസമിലുമെല്ലാം നശീകരണത്തിന്റെ ബുള്‍ഡോസര്‍ മുസ്‌ലിംകളുടെ ധനമാനാദികള്‍ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ആംനെസ്റ്റി നേരത്തേ ലോകസമക്ഷം അവതരിപ്പിച്ചതാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനക്കും രാഷ്ട്രാന്തരീയ മനുഷ്യാവകാശ നിയമസംഹിതക്കും എതിരായ ബുള്‍ഡോസര്‍ പീഡനത്തിന്റെ ഇരകള്‍ക്ക് എത്രയും പെട്ടെന്ന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ആ ദിശയിലുള്ള ഒരു ക്യാമ്പയിനിന് നേതൃത്വം കൊടുക്കാന്‍ ഫാസിസ്റ്റ് വിരുദ്ധ ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെല്ലാം ഒന്നിച്ചിറങ്ങേണ്ടതുണ്ട്.

വര്‍ഗീയ ഫാസിസം ഉടലെടുക്കുന്നതും പുഷ്ടിപ്പെടുന്നതും മാരകമായ ആശയ പ്രചാരണത്തിലൂടെയാണെന്നിരിക്കെ അതിനെതിരായ പോരാട്ടവും നിരന്തരമായ ക്യാമ്പയിനിലൂടെയാകണം. ഏറ്റവുമൊടുവിലത്തെ കോടതി വിധി ഹിന്ദുത്വ ഫാസിസത്തിനും അത് ഉത്പാദിപ്പിക്കുന്ന വിദ്വേഷ പ്രത്യയശാസ്ത്രത്തിനും സമീപകാലത്ത് ഏറ്റുവാങ്ങേണ്ടിവന്ന കനത്ത പ്രഹരമാണ്. അതിലടങ്ങിയ താക്കീതിന് ബഹുസ്വര സമൂഹത്തില്‍ വലിയ പ്രസക്തിയുണ്ട്. ന്യൂനപക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടാന്‍ നീതിപീഠം ഉയര്‍ത്തിക്കാണിച്ച ഭരണഘടനാ തത്ത്വങ്ങളും ബുള്‍ഡോസര്‍ ഗുണ്ടായിസത്തെ തള്ളിപ്പറയാന്‍ മുന്നോട്ടുവെച്ച നിയമയുക്തിയും ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. കോടതി എടുത്തുപറഞ്ഞ സുപ്രധാന പോയിന്റുകള്‍ ഇവയാണ്:

ഭരണ നിര്‍വാഹകര്‍ക്ക് (എക്‌സിക്യൂട്ടീവ്) ഒരിക്കലും ജഡ്ജാകാന്‍ പറ്റില്ല. അതുകൊണ്ട് ഒരാളെ കുറ്റക്കാരനാണെന്ന് വിധിച്ച് ശിക്ഷ നടപ്പാക്കാനും അവകാശമില്ല. അങ്ങനെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്. “അധികാര വിഭജനം’ എന്ന അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണത്. എക്‌സിക്യൂട്ടീവ് കോടതിയാകേണ്ട. ആര് നിയമം കൈയിലെടുത്താലും അതിന്റെ പ്രത്യാഘാതം ഏറ്റെടുക്കാന്‍ ബാധ്യസ്ഥമാണ്. കെട്ടിടം തകര്‍ക്കാന്‍ ഉത്തരവിട്ടവര്‍ സ്വന്തം ചെലവില്‍ അത് കെട്ടിക്കൊടുക്കണം.

അധികാരി വര്‍ഗം മനുഷ്യത്വം തൊട്ടുതീണ്ടാത്തവര്‍ ആകരുത്. ഏത് വിഭാഗത്തില്‍പ്പെട്ടവരാകട്ടെ, കുടുംബം അന്തിയുറങ്ങുന്ന വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതോടെ സ്ത്രീകളും കുട്ടികളും വയോവൃദ്ധരും രാവിന്റെ വന്യതയില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കാഴ്ച ആരെയാണ് വേദനിപ്പിക്കാത്തത്. വീട് എന്നത് ഒരു സ്വപ്‌നമാണ്. ആ സ്വപ്‌നം കരിച്ചുകളയാന്‍ അധികാരിവര്‍ഗത്തിന് ആരാണ് അധികാരം നല്‍കിയത്. ഒരാള്‍ കുറ്റാരോപിതനായത് കൊണ്ടോ ശിക്ഷിക്കപ്പെട്ട വ്യക്തിയായത് കൊണ്ടോ അവന്റെ വീടും പരിസരവും പൊളിച്ചുമാറ്റാന്‍ ആര്‍ക്കും അവകാശമില്ല. അന്തസ്സായി ജീവിക്കാനുള്ള ഭരണഘടനയുടെ 21ാം ഖണ്ഡിക പ്രദാനം ചെയ്യുന്ന അവകാശത്തിന്‍ മേലാണ് ഇക്കൂട്ടര്‍ ബുള്‍ഡോസര്‍ ഉരുട്ടുന്നത്. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതാണ്.

ചുരുക്കത്തില്‍, ഈ വിധിയിലൂടെ ഒരു കാലഘട്ടത്തെ ആമൂലാഗ്രം ഗ്രസിച്ച ഒരു മഹാവ്യാധിയുടെ പ്രതിവിധിയാണ് നീതിപീഠം മുന്നോട്ടുവെക്കുന്നത്. വര്‍ഗീയത മൂര്‍ച്ഛിച്ച യോഗിമാരുടെ വാഴ്ച ഗാന്ധിജിയുടെ നാടിനെ ഭ്രാന്താലയമാക്കി മാറ്റിയ സന്ദിഗ്ധ ഘട്ടത്തിലാണ് പരമോന്നത നീതിപീഠത്തിന്റെ ഉചിതമായ ഇടപെടല്‍. ഈ നാടിന്റെ ആത്മാവിനെ തൊട്ടുതലോടുന്ന ഇത്തരം ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ നീതിപീഠത്തിനു മുന്നില്‍ നിറകണ്‍ചിരിയോടെ നില്‍ക്കുകയല്ലേ വേണ്ടത്!

Latest