black fungus
ലോകത്താദ്യമായി ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് കാരണം രോഗിയുടെ വൃക്ക പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി
സര്‍ ഗംഗാറാം ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
ന്യൂഡല്‍ഹി | കൊവിഡ് മുക്തനായയാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെ തുടര്‍ന്ന് വൃക്കയും ശ്വാസകോശത്തിന്റെ ഭാഗവും പ്രവര്‍ത്തനരഹിതമായി. അതേസമയം, പ്രവര്‍ത്തനരഹിതമായ ഒരു വൃക്കയും ശ്വാസകോശത്തിന്റെ ഒരു ഭാഗവും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ പുതുജീവന്‍ നല്‍കി. സര്‍ ഗംഗാറാം ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
കൊവിഡ് ബാധിച്ചതിന് ശേഷം ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇങ്ങനെ വൃക്കയും ശ്വാസകോശത്തിന്റെ ഒരു ഭാഗവും പ്രവര്‍ത്തനരഹിതമാകുന്നത് ലോകത്ത് ആദ്യമായാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡിന് ശേഷമുള്ള രോഗങ്ങളെ തുടര്‍ന്നാണ് ഗാസിയാബാദില്‍ നിന്നുള്ള രോഗിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശക്തമായ പനി, കഫത്തില്‍ രക്തം എന്നിവയെല്ലാമുണ്ടായിരുന്നു.
ബ്ലാക്ക് ഫംഗസിന് കാരണമായ അണു നാസാരന്ധ്രത്തില്‍ മാത്രമല്ല, ഇടത് ശ്വാസകോശത്തിലും വലത് വൃക്കയിലും കടന്നതായി കണ്ടെത്തി. ഇതോടെ ശ്വാസകോശത്തിന്റെ ഒരു ഭാഗവും ഒരു വൃക്കയും തകരാറിലായിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുമെന്ന ഭീതിയുമുണ്ടായി. അതിനാലാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച അവയവങ്ങള്‍ അടിയന്തരമായി നീക്കം ചെയ്തത്.