Connect with us

Driving Licence

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി വീണ്ടും കുറച്ചു

പുതിയ ലൈസൻസുകൾ നൽകുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും പുതിയ തീരുമാനം ബാധകമായിരിക്കും.

Published

|

Last Updated

കുവൈത്ത് സിറ്റി| കുവൈത്തിൽ  പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി വീണ്ടും ഒരു വർഷമായി പരിമിതപ്പെടുത്തി. പുതിയ ലൈസൻസുകൾ നൽകുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും പുതിയ തീരുമാനം ബാധകമായിരിക്കും. അതേസമയം, ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ ലൈസൻസുകൾ മൂന്ന് വർഷത്തേക്ക്  പുതുക്കി നൽകുന്നത് തുടരും.

പ്രവാസികളിൽ ചിലർ മൂന്ന് വർഷ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശപ്പെടുത്തിയ ശേഷം ലൈസൻസ് ലഭിക്കുന്നതിനു യോഗ്യമല്ലാത്ത മറ്റ് പദവികളിലേക്ക് തൊഴിൽ മാറ്റം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം എന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് യോഗ്യമായ പദവിയിൽ ജോലി തുടരുന്ന പ്രവാസികളായ എല്ലാ ലൈസൻസ് ഉടമകൾക്കും എല്ലാ വർഷവും ഓൺലൈൻ വഴി ലൈസൻസ് പുതുക്കാൻ സൗകര്യം ഉണ്ടായിരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ഡ്രൈവിംഗ് ലൈസൻസ് ഉടമകളുടെ തൊഴിൽപരമായ വിവരങ്ങൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയവും മാനവ ശേഷി പൊതു സമിതിയും തമ്മിൽ കമ്പ്യൂട്ടർ സംവിധാനം വഴി ബന്ധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. കൊറോണ മഹാമാരിക്ക് മുമ്പ് വരെ ഡ്രൈവിംഗ് ലൈസൻസ് ഉടമയുടെ വിസാ കാലാവധിക്ക് അനുസൃതമായാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകിയിരുന്നത്. എന്നാൽ കൊറോണ കാലത്ത് കാലാവധി മൂന്ന് വർഷമായി വർധിപ്പിക്കുകയായിരുന്നു.

റിപ്പോർട്ട്: ഇബ്റാഹീം വെണ്ണിയോട്

Latest