National
ലക്ഷദ്വീപ് ബി ജെ പിയിൽ പോര് മുറുകി
സ്ഥാപക പ്രസിഡൻ്റ് മുത്തുക്കോയയെ സസ്പെൻഡ് ചെയ്തു

കൊച്ചി | ബി ജെ പി ലക്ഷദ്വീപ് സ്ഥാപക പ്രസിഡൻ്റും നിലവിലെ വൈസ് പ്രസിഡൻ്റുമായ അഡ്വ. കെ പി മുത്തുക്കോയയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംസ്ഥാന നേതാക്കളുടെ ചിത്രങ്ങൾ അനാവശ്യ കമൻ്റുകൾ ചേർത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് അച്ചടക്ക നടപടിക്ക് കാരണം. രണ്ട് മാസത്തേക്കാണ് സസ്പെൻഷൻ.
സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രതിച്ഛായ തകർക്കാനും ലക്ഷദ്വീപിൽ ബി ജെ പിയുടെ വളർച്ച തടസ്സപ്പെടുത്താനുമാണ് മുത്തുക്കോയ ശ്രമിക്കുന്നതെന്ന് സസ്‌പെൻഷൻ ഉത്തരവിൽ ആരോപിക്കുന്നു.
അഭിഭാഷകനും പൊതുപ്രവർത്തകനും ഹജ്ജ് കമ്മിറ്റി അംഗവും മുതിർന്ന പൗരനുമായ മുത്തുക്കോയ താൻ വഹിക്കുന്ന സ്ഥാനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാതെ സാധാരണക്കാരനെപ്പോലെ സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുകയാണ്. പാർട്ടിക്ക് യോജിച്ചതല്ലാത്ത പോസ്റ്റുകൾ പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം ഇത് തുടരുകയാണെന്നും സസ്പെൻഷൻ അറിയിപ്പിൽ പറയുന്നു.
സംസ്ഥാന പ്രസിഡൻ്റ് കെ എൻ കാസിം കോയ കൽപേനി ദ്വീപ് സന്ദർശിച്ചപ്പോൾ മുത്തുക്കോയ പകർത്തിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും പാർട്ടിക്ക് അപകീർത്തികരമായ കമൻ്റുകൾ ഇടുകയും ചെയ്തതാണ് അച്ചടക്ക നടപടിക്കുള്ള പ്രകോപനം. ഇതിന് സംസ്ഥാന കമ്മിറ്റി മുത്തുക്കോയയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ അഞ്ച് മുതൽ എട്ട് വരെ സംസ്ഥാന ജന. സെക്രട്ടറിക്കും ട്രഷറർക്കും ഒപ്പമാണ് സംസ്ഥാന പ്രസിഡന്റ് കെ എൻ കാസിം കോയ കൽപേനി ദ്വീപ് സന്ദർശിച്ചത്.
ഏഴിന് പീച്ചിയത്ത് കാസ്മിക്കോയയും കെ എൻ കാസിം കോയയും കൽപേനിയിലെ ഗസ്റ്റ് ഹൗസിൽ നിൽക്കുന്ന ഫോട്ടോ അഡ്വ. മുത്തുക്കോയ എടുത്തു.
കാസിം കോയ വിലക്കിയിട്ടും ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്.