Kerala
മാന്നാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം.
ആലപ്പുഴ|ആലപ്പുഴ മാന്നാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ മാടമ്പില്‍ കൊച്ചുവീട്ടില്‍ കിഴക്കേതില്‍ രാജേഷ് കുമാറിന്റെ മകന്‍ പൃഥ്വിരാജ് (22) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7.30ന് ചെന്നിത്തല വാഴക്കൂട്ടം കടവില്‍ വച്ചാണ് അപകടമുണ്ടായത്.
പൃഥ്വിരാജ് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. ഇരുവരെയും ഉടന്‍ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പൃഥ്വിരാജിന്റെ സുഹൃത്താണ് ബൈക്ക് ഓടിച്ചിരുന്നത്. സുഹൃത്ത് കുരട്ടിക്കാട് കൊച്ചു കടമ്പാട്ടുവിളയില്‍ അജിത്തിന്റെ മകന്‍ പ്രജിത് പരിക്കുകളോടെ ചികിത്സയിലാണ്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു.