Kerala
നിലമ്പൂരില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
റിന്‍ഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്.
നിലമ്പൂര്‍| നിലമ്പൂരില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവിലാണ് അപകടമുണ്ടായത്. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പമാണ് സഹോദരങ്ങള്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയത്. കുട്ടികള്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ള കുട്ടികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും അഗ്‌നി രക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തിരച്ചിലില്‍ സമീപത്തുനിന്ന് തന്നെ സഹോദരങ്ങളെ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.