Kerala
പാലക്കാട് ധോണിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കെണിയില്‍ കുടുങ്ങി
പുലിക്കൂട് നീക്കുന്നതിനിടെ വാര്‍ഡ് മെമ്പറെ പുലി മാന്തി. പുതുപ്പരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനാണ് പരുക്കേറ്റത്.
പാലക്കാട് | പാലക്കാട് ധോണിയില്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ പുലി ഒടുവില്‍ കെണിയില്‍ കുടുങ്ങി. വെട്ടം തടത്തില്‍ ടി ജി മാണിയുടെ വീട്ടില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെ കോഴിയെ പുലി പിടികൂടുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് മാണിയുടെ വീട്ടില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
പുലിയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. അതിനിടെ പുലിക്കൂട് നീക്കുന്നതിനിടെ വാര്‍ഡ് മെമ്പറെ പുലി മാന്തി. പുതുപ്പരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനാണ് പരുക്കേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ധോണിയില്‍ ജനവാസ മേഖലയില്‍ പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് പുലിയിറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ലിജി ജോസഫ് എന്നയാളുടെ വീട്ടിലെത്തി പുലി കോഴിയെ പിടികൂടിയിരുന്നു. അന്ന് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചുവെങ്കിലും പാലിച്ചിരുന്നില്ല. പിന്നീട് വ്യാഴാഴ്ചയും പുലി എത്തി കോഴിയെ പിടികൂടിയതോടെയാണ് വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.
ധോണിയില്‍ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ 17 ഇടങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അവിടങ്ങളിലെ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ ആക്രമണവും ഉണ്ടായി.