Kerala
പത്തനംതിട്ട ജില്ലയില്‍ കാപ്പ ചുമത്തി നാല് കൊടുംകുറ്റവാളികളെ ജയിലിലടച്ചു
നാലു കൊടുംകുറ്റവാളികളെ പത്തനംതിട്ട ജില്ലാ പോലിസ് മേധാവി വി ജി വിനോദ്കുമാറിന്റെ ശുപാര്‍ശ പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു
പത്തനംതിട്ട | കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ നാലു കൊടുംകുറ്റവാളികളെ പത്തനംതിട്ട ജില്ലാ പോലിസ് മേധാവി വി ജി വിനോദ്കുമാറിന്റെ ശുപാര്‍ശ പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡില്‍ ചിറപ്പാട്ട് വീട്ടില്‍ റോഷന്‍ വര്‍ഗീസ്(29), കുറ്റപ്പുഴ കിഴക്കന്‍ മുത്തൂര്‍ പ്ലാപ്പറമ്പില്‍ കരുണാലയം വീട്ടില്‍ വാവ എന്ന് വിളിക്കുന്ന ദീപു മോന്‍(28), കൊടുമണ്‍ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചെരുവ് വിഷ്ണു ഭവനം വീട്ടില്‍ കുറേഷി എന്ന് വിളിക്കുന്ന വിഷ്ണുതമ്പി(28), അടൂര്‍ പള്ളിക്കല്‍ പഴകുളം മേട്ടുപ്പുറം പൊന്മാത കിഴക്കേതില്‍ വീട്ടില്‍ ലൈജു(28) എന്നിവരാണ് ജയിലിനുള്ളിലായത്.
റോഷന്‍ വര്‍ഗീസ് തിരുവല്ല, ചങ്ങനാശ്ശേരി, ചേര്‍ത്തല കൂത്തുപറമ്പ്, പീച്ചി തുടങ്ങിയ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 25ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2022ല്‍ കാപ്പ പ്രകാരം സഞ്ചാരനിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നു. 2023ല്‍ കാപ്പ പ്രകാരം ആറ് മാസം കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. 2024 സെപ്റ്റംബര്‍ 29ന് തൃശ്ശൂര്‍ ജില്ലയിലെ പീച്ചിയില്‍ തൃശൂര്‍ സ്വദേശിയുടെ കാര്‍ തടഞ്ഞ്, കാറില്‍ സൂക്ഷിച്ച 1.84 കോടി രൂപ വില വരുന്ന 2.630 കിലോ ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തുകടന്നു. 2024 ജൂലൈ 26ന് രാത്രി കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജിന് സമീപത്ത് വച്ച്, കാര്‍ തട്ടിയെടുത്തു.തുടര്‍ന്ന് കാറില്‍ സൂക്ഷിച്ചിരുന്ന 3.75 കോടി രൂപ കവര്‍ന്നു രക്ഷപ്പെട്ടു. പീച്ചി പോലീസ് സ്റ്റേഷനില്‍ കുറ്റകൃത്യം നടത്തിയത് അറിഞ്ഞു ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം, ജില്ലാ പോലീസ് മേധാവിയുടെയും തിരുവല്ല ഡിവൈഎസ്പിയുടെയും സംയുക്ത അന്വേഷണസംഘം, ഒളിവില്‍ കഴിഞ്ഞുവന്ന റോഷന്‍ വര്‍ഗീസിനെയും കൂട്ടുപ്രതിയെയും ചങ്ങനാശ്ശേരിയിലെ ഒളിയിടത്തില്‍ നിന്നും പിടികൂടി പീച്ചി പോലീസിന്റെ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
തൃശ്ശൂര്‍ ജയിലില്‍ കഴിഞ്ഞുവന്ന റോഷനെ കാപ്പ ഉത്തരവ് പ്രകാരം നാലിന് അറസ്റ്റ് ചെയ്തു ആറുമാസത്തേക്ക് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളതാണ്. തിരുവല്ല ചേര്‍ത്തല ചങ്ങനാശ്ശേരി പീച്ചി, കൂത്തുപറമ്പ് കൂടാതെ ആന്ധ്രാപ്രദേശിലെ റപ്താഡ് പോലീസ് സ്റ്റേഷനിലെ കൊലപാതകശ്രമം, അടിപിടി വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണം വാഹനങ്ങള്‍ കത്തിക്കല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കവര്‍ച്ച ലഹരി മരുന്ന് കച്ചവടം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റോഷന്‍ വര്‍ഗീസ്. തിരുവല്ല തൃക്കൊടിത്താനം കീഴ്വായ്പ്പൂര്‍ പീച്ചി തിരുവല്ല എക്സൈസ് തുടങ്ങിയ സ്റ്റേഷനുകളില്‍ 15 ലധികം ക്രിമിന കേസുകളില്‍ പ്രതിയാണ് ദീപു മോന്‍. കൊലപാതക ശ്രമം മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം മയക്കുമരുന്ന് ഉപയോഗം കഞ്ചാവ് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തിരുവല്ല എക്സൈസില്‍ ഉള്‍പ്പെടെ പ്രതിയായിട്ടുണ്ട്. കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമം, മോഷണം ലഹരി മരുന്നുകപയോഗം സംഘം ചേര്‍ന്നുള്ള ആക്രമണം വീടുകയറി ആക്രമണം വീട്ടുപകരണങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങി 18 ഓളം ക്രിമിന കേസുകള്‍ പ്രതിയാണ് വിഷ്ണു തമ്പി. അടൂര്‍ പഴകുളം മേട്ടുപുറം സ്വദേശി ലൈജു കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനും കൊടും ക്രിമിനലുമാണ്. അടൂര്‍ സ്റ്റേഷനില്‍ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ട ലൈജു,അടൂര്‍ ചെങ്ങന്നൂര്‍ പന്തളം കുറത്തി കാട്,പത്തനംതിട്ട ഏനാത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം കഞ്ചാവ് കച്ചവടം വാഹനം കത്തിക്കല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ പത്തിലധികം കേസുകളില്‍ പ്രതിയാണ്.