തൃത്താല | പട്ടാമ്പിയിൽ പോലീസ് ചമഞ്ഞ് അഞ്ചംഗ സംഘം 20കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു സംഭവം. സംഘത്തിൽ പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
മെയ് രണ്ടിനാണ് 20കാരി ആൺസുഹൃത്തിനൊപ്പം ലോഡ്ജിൽ താമസത്തിനെത്തുന്നത്. മെയ് നാലിന് തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന അഞ്ചംഗ സംഘം പോലീസ് ആണെന്ന് പറഞ്ഞ് യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. തുടർന്ന് സംഘം പെൺകുട്ടിയെ മാനഭംഗപെടുത്താനും തട്ടിക്കൊണ്ട് പോകാനും ശ്രമിച്ചു. സംഭവത്തിൽ യുവതി തൃത്താല പോലീസിൽ പരാതി നൽകി.
പോലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമം, മാനഭംഗപെടുത്താൻ ശ്രമം, തട്ടിക്കൊണ്ട് പോകാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരം തൃത്താല പോലീസ് കേസെടുത്തു. പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽ പെട്ടതിനാൽ ഷൊർണൂർ ഡി വൈ എസ് പി. വി സുരേഷിനാണ് അന്വേഷണ ചുമതല. സംഘത്തിലെ വല്ലപ്പുഴ സ്വദേശി അബ്ദുൽ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്, തൃശൂർ സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെ കഴിഞ്ഞ ദിവസം തൃത്താല പോലീസ് വിവിധ ഇടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. മറ്റു രണ്ട്പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.