National
പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് 24 മണിക്കൂറിനിടെ രണ്ട് പേരെ സിഖുകാര്‍ തല്ലിക്കൊന്നു
പോലീസ് നോക്കിനിക്കെയാണ് കപൂര്‍ത്തലയിലെ ആള്‍കൂട്ടക്കൊല.
ന്യൂഡല്‍ഹി | മതനിന്ദ ആരോപിച്ച് പഞ്ചാബില്‍ 24 മണിക്കൂറിനിടെ രണ്ട് പേരെ സിഖുകാര്‍ അടിച്ചുകൊലപ്പെടുത്തി. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന് അവിടെ സൂക്ഷിച്ചിരുന്ന സുവര്‍ണ വാള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചയാളെ പുരോഹിതര്‍ അടിച്ചുകൊന്നതിന് പിന്നാലെ സിഖ് പതാകയെ നിന്ദിച്ചുവെന്ന് ആരോപിച്ച് മറ്റൊരാളെ കപൂര്‍ത്തലയിലും അടിച്ചുകൊന്നു. പോലീസ് നോക്കിനിക്കെയാണ് കപൂര്‍ത്തലയിലെ ആള്‍കൂട്ടക്കൊല.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ കയറിയയാളെ ഇന്നലെയാണ് അടിച്ച് കൊലപ്പെടുത്തിയത്. മഞ്ഞ ഷര്‍ട്ട് ധരിച്ച് 20 വയസ്സ് പ്രായമുള്ള ഒരാള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന്റെയും അവിടെ സൂക്ഷിച്ചിരുന്ന സുവര്‍ണ വാള്‍ എടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. ഇയാളെ ക്ഷേത്രത്തിലെ പുരോഹിതന്മാര്‍ പിടികൂടുന്നതും കാണാം. ഇതിന് ശേഷമാണ് യുവാവിനെ അടിച്ചുകൊലപ്പെടുത്തിയത്.
ഈ സംഭവം കഴിഞ്ഞ് 24 മണിക്കൂറിനിടെയാണ് കപൂര്‍ത്തല ജില്ലയിലെ നിജാംപൂരിലും ഒരാള്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. പുലര്‍ച്ചെ ഗുരുദ്വാരയില്‍ കയറി നിഷാന്‍ സാഹിബിനെ (സിഖ് പതാക) അനാദരിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ഇയാളെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് ഇയാളെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഖുകാര്‍ പോലീസിനുനേരെ ബഹളം വെക്കുകയായിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കത്തിനിടെ ഒരുകൂട്ടം ആളുകള്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു. ഇതിന് ശേഷം പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ബുധനാഴ്ച, സുവര്‍ണ ക്ഷേത്രത്തില്‍ കയറിയ ഒരാള്‍ സിഖ് ഗ്രന്ഥമായ ‘ഗുട്ട്ക സാഹിബ്’ തടാകത്തിലേക്ക് എറിഞ്ഞ മറ്റൊരു സംഭവമും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിഖുകാരുടെ ആത്മീയ തലസ്ഥാനമായി കണക്കാക്കപ്പെടുന്ന സുവര്‍ണ്ണ ക്ഷേത്രത്തില്‍ ശനിയാഴ്ച നടന്ന സംഭവം സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.