Ongoing News
സഊദിയില്‍ കൊലപാതകക്കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ വേളാട്ടുകുഴിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പിലാക്കിയത്
ദമാം \ സഊദിയില്‍ മലയാളി ഉള്‍പ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്
2016 ജൂലൈയില്‍ പെരുന്നാള്‍ ദിനത്തിലാണ് കൊടുവള്ളി മാനിപുരം ചുള്ളിയാട്ട് പൊയില്‍ വീട്ടില്‍ അഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകന്‍ സമീര്‍ വേളാട്ടുകുഴിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഏഴിന് പെരുന്നാള്‍ ദിനത്തിലാണ് ജുബൈലിലെ വര്‍ക്ക്‌ഷോപ്പ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സഊദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്ലിമി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
സമീറിനെയും സുഹൃത്തിനെയും സംഘം തട്ടിക്കൊണ്ടുപോയി കുവൈത്ത് -ഖഫ്ജി റോഡിലെ ആളൊഴിഞ്ഞ കൃഷിയിടത്തിലെ കെട്ടിടത്തില്‍ താമസിപ്പിച്ച് പീഡനമേല്‍പിക്കുകയും,തുടര്‍ന്ന്് സമീറിനെ പ്രതികള്‍ പുതപ്പില്‍ പൊതിഞ്ഞ് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീറിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ സംഘം മര്‍ദ്ദിക്കുകയും , പരുക്കേറ്റ സുഹൃത്തിനെ വഴിയിലിറക്കിവിടുകയും ചെയ്യുകയായിരുന്നു. ,അന്വേഷണത്തിന്റെ ഭാഗമായി ജുബൈല്‍ പോലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വോഡ് രൂപീകരിക്കുകയും മൂന്നാഴ്ചക്കകം പ്രതികളെ പിടികൂടുകയുമായിരുന്നു,
പ്രതികള്‍ക്കു ദമാം ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും നേരത്തെ ശരിവെച്ചിരുന്നു .വധശിക്ഷ നടപ്പിലാക്കാന്‍ രാജകീയ ഉത്തരവ് ലഭിച്ചതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്