International
കലാപത്തില്‍ കത്തി ശ്രീലങ്ക; റെനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റ്
അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
കൊളംബോ | ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. വിക്രമസിംഗെയ്ക്ക് അധികാരം കൈമാറിയതായി സ്പീക്കര്‍ അറിയിച്ചു. അതേ സമയം രാജ്യം വിട്ട പ്രസിഡന്റ് ഗോതബയ രജപക്സെ ഇന്ന് തന്നെ രാജി കൈമാറുമെന്നാണ് സൂചന. അതേ സമയം ,അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
പ്രസിഡന്റ് ഗോതബയ രജപക്സെ രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ ഇന്ന് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു.
രജപക്സെ മാലിദ്വീപിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നിലേക്ക് ഇരച്ചെത്തി. ഗോതബയ രജപക്സെ രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മാലിദ്വീപിലേക്ക് കടന്ന രജപക്സെയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്.