Connect with us

ഗള്‍ഫ് കാഴ്ച

സിറിയയില്‍, ഫലസ്തീനില്‍ പതിനായിരങ്ങള്‍; ഇനി ലബനാന്‍

ആത്യന്തികമായി യുദ്ധത്തില്‍ ആരും ജയിക്കുന്നില്ലെന്നു ഇസ്‌റാഈല്‍ മനസിലാക്കുന്നില്ല, ലോകത്തിന്റെ ദുരിതങ്ങളല്ലാതെ.

Published

|

Last Updated

ഗസ്സയില്‍ പതിനായിരങ്ങളെ കൊലപ്പെടുത്തിയ ഇസ്‌റാഈല്‍ ലബനാനെതിരെ തിരിഞ്ഞിരിക്കുന്നു. സാധാരണക്കാരായ ആളുകളെ തന്നെയാണ് ലബനാനിലും കൊലപ്പെടുത്തുന്നത്. അതിന് ‘പേജറു’കള്‍ വരെ ഉപയോഗപ്പെടുത്തി. എന്നാല്‍, ലബനാനിലെ ഹിസ്ബുല്ല വിട്ടുകൊടുക്കുന്നില്ല. അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹൈഫയിലെ റമാത് ഡേവിഡ് വ്യോമത്താവളത്തില്‍ അവര്‍ പ്രത്യാക്രമണം നടത്തി. തെക്കന്‍ ലബനാനില്‍ ഏറ്റവും ചോരപ്പുഴ ഒഴുകിയ രാത്രിക്ക് ശേഷമാണ് ഇത്.

ശനിയാഴ്ച വൈകിട്ട്, തെക്കന്‍ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്‌റാഈല്‍ ഷെല്ലാക്രമണം തുടര്‍ന്നു. ലബനാനില്‍ ഇസ്‌റാഈലിന്റെ ഡസന്‍ കണക്കിന് വ്യോമസേനാ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പറക്കുകയാണ്. ഗസ്സയെ തകര്‍ത്തതിനപ്പുറമുള്ള ഒരുക്കമാണ് ഇസ്‌റാഈല്‍ നടത്തുന്നത്. നൂറുകണക്കിനാളുകള്‍ ഇതിനകം മരിച്ചു.

ഗസ്സ ഏതാണ്ട് തീര്‍ന്നു പോയിരിക്കുന്നു. മാസങ്ങളായി അവിടെ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയിട്ട്. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ത്തു. കലിയടങ്ങാതെ കഴിഞ്ഞ മാസം ഇറാനില്‍ ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയ്യയെ കൊലപ്പെടുത്തി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടു. കൊലപാതകത്തിനു പിന്നില്‍ ഇസ്‌റാഈലാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. എണ്ണ സമ്പന്ന രാജ്യമാണ് ഇറാന്‍. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ഉത്പന്നവുമാണത്. എന്നിട്ടും ഇറാന്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഉപരോധം മൂലം എണ്ണ കയറ്റുമതി തടസ്സപ്പെട്ടിരിക്കുന്നതാണ് കാരണം.

പ്രതിദിനം 13.3 കോടി ഡോളറാണ് വരുമാന നഷ്ടം. എന്നിട്ടും കലി തീരാത്ത ഇസ്‌റാഈല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നു. ഏതു നിമിഷവും ഇറാനില്‍ ബോബു വീഴാം എന്നതാണ് സ്ഥിതി. മുമ്പ് സിറിയക്കെതിരെ ആക്രമണം നടത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. രണ്ടുലക്ഷം പേര്‍ കൊല്ലപ്പെട്ടു. 39 ലക്ഷം പേര്‍ അഭയാര്‍ഥികളായി. 76 ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ മരണത്തോട് മല്ലടിക്കുന്നു. ലോക ചരിത്രത്തില്‍ ഒരു രാജ്യത്തിനും ഇത്തരമൊരു ദുര്‍വിധി ഉണ്ടായിട്ടില്ല.

രാജ്യാന്തര സമൂഹം നോക്കുകുത്തിയായിരുന്നു. 2011 മാര്‍ച്ചിലാണ് സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെതിരെ നീക്കം തുടങ്ങിയത്. ബശാര്‍ അല്‍ അസദിനെതിരെ പോരാട്ടം കനക്കാന്‍ അല്‍ ഖാഇദയുടെ ജനകീയ സംഘടനയായ അല്‍ നുസ്റക്ക് ധാരാളം ആയുധങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനിടയില്‍ സമീപ രാജ്യമായ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദം ഉടലെടുത്തു. ഇറാഖിലും സിറിയയിലും പരക്കെ വ്യോമാക്രമണമായി. അപ്പോഴും കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരായിരുന്നു.

സിറിയയില്‍ ബശാര്‍ അല്‍ അസദിനെ സംരക്ഷിക്കാന്‍ ലബനാനില്‍ നിന്ന് ഹിസ്ബുല്ല സായുധരും ഇറാനിലെ ഒരു വിഭാഗവും ഉണ്ടായിരുന്നു. പക്ഷെ അമേരിക്ക എങ്ങും രാസായുധങ്ങള്‍ വരെ ഉപയോഗിച്ചു. അതിന്റെ ദുരിതം മേഖലയാകെ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഫലസ്തീന്‍ ഒന്നാകെ നാമാവശേഷമാവുകയാണ്. കഴിഞ്ഞ ദിവസം വെസ്റ്റ് ബേങ്കില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ തേരോട്ടമായിരുന്നു. അവിടെ അല്‍ ജസീറ ടെലിവിഷന്‍ ചാനല്‍ ഓഫീസില്‍ സൈന്യം കടന്നുകയറി.

ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കില്ലെന്ന നിലപാടുയര്‍ത്തിയ നെതന്യാഹുവും സംഘവുമാണ് ഇസ്റാഈലില്‍ അധികാരത്തില്‍. ഫലസ്തീന്‍ രാഷ്ട്രത്തിനു വേണ്ടിയുള്ള ഹമാസിന്റെ പോരാളികളെ ഒന്നൊന്നായി കൊലപ്പെടുത്തുകയാണ്. താമസിയാതെ, ജറുസലേമിന്റെ ഒരു ഭാഗവും ഗസ്സയുടെ മുക്കാല്‍ പങ്കും ഇസ്റാഈലിന്റെ അധീനതയിലാകും. ഹമാസ് ഭീകര സംഘടനയാണെന്ന ആരോപണം നെതന്യാഹു ആവര്‍ത്തിക്കുന്നു. ഹമാസിനെ അക്രമിക്കുന്നതോടെ, ഗസ്സയില്‍ ജനങ്ങള്‍ പലായനം ചെയ്യുമെന്നും നെതന്യാഹു കണക്കുകൂട്ടുന്നു. ഇസ്റാഈലിന്റെ അജണ്ട മധ്യപൗരസ്ത്യദേശത്ത് പൂര്‍ണ വിജയത്തിലെത്തുകയാണ്. പക്ഷേ ആത്യന്തികമായി യുദ്ധത്തില്‍ ആരും ജയിക്കുന്നില്ലെന്നു ഇസ്‌റാഈല്‍ മനസിലാക്കുന്നില്ല, ലോകത്തിന്റെ ദുരിതങ്ങളല്ലാതെ.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest