Connect with us

Arikomban

തമിഴ്നാട്ടിലും റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ

കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാൽ അരി എടുത്തില്ല.

Published

|

Last Updated

തേനി | ഇടുക്കിയിൽ നിരന്തരം റേഷൻ കട ആക്രമിച്ച അരിക്കൊമ്പൻ തമിഴ്നാട്ടിലും അത് ആരംഭിച്ചു. മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ആക്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാൽ അരി എടുത്തില്ല.

കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന്‍ തന്നെയാണെന്ന് തമിഴ്‌നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പുലർച്ചെ രണ്ട് മണിയോടെയാണ് മേഘമലയിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. കടക്ക് സമീപം വാഹനങ്ങൾ ഉൾപ്പെടെയുണ്ടായിരുന്നെങ്കിലും അതൊന്നും ആക്രമിച്ചിട്ടില്ല. പിന്നാലെ അരിക്കൊമ്പന്‍ കാ‍ട്ടിലേക്കു മടങ്ങി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട് ചെക്ക്‌പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്‌റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇടുക്കിയിൽ നിരന്തരം റേഷൻ കട ആക്രമിച്ച് അരി തിന്നുന്നതിനാലാണ് അരിക്കൊമ്പൻ എന്ന പേര് നാട്ടുകാർ നൽകിയത്. ആഴ്ചകൾക്ക് മുമ്പാണ് അരിക്കൊമ്പനെ പിടികൂടി കുമളിയിലെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾക്കാട്ടിലേക്ക് മാറ്റിയത്.