KM BASHEER MURDER
കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ നരഹത്യാ കുറ്റം നിലനില്‍ക്കും; ശ്രീരാം വെങ്കിട്ടരാമനു തിരിച്ചടി
വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി പരാമര്‍ശിച്ചു
കൊച്ചി | സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ റിവിഷന്‍ ഹരജി അംഗീകരിച്ച് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെതാണ് ഉത്തരവ്.
കേസില്‍നിന്നു രണ്ടാം പ്രതി വഫ ഫിറോസിനെ ഒഴിവാക്കി. വഫയുടെ ഹരജി കോടതി പരിഗണിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകില്‍ മദ്യപിച്ചു ലക്കുകെട്ട ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അമിത വേഗതയില്‍ വന്ന് ഇടിക്കുകയായിരുന്നു. 2019 ആഗസ്റ്റ് 3ന് പുലര്‍ച്ചെയാണ് സംഭവം.
പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി പരാമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. നരഹത്യ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സെഷന്‍ കോടതി ഉത്തരവ് ഹൈക്കോടതി ഭാഗീകമായി റദ്ദാക്കി.
ശ്രീറാമില്‍ നിന്നു നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കുക, നരഹത്യാ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണക്ക് ഉത്തരവിടുക എന്നിവയായിരുന്നു സെഷന്‍ കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീലിലെ അവശ്യം.
രണ്ടാം പ്രതി വഫയുടെ ഹര്‍ജി അംഗീകരിച്ചാണ് അവരെ കേസില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു.