Kerala
അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി അപക്വമെന്ന് കേന്ദ്രം കോടതിയില്‍
ഭൂമി ഏറ്റെടുക്കല്‍ സര്‍വേക്കായി കെ റെയില്‍ കോര്‍പ്പറേഷന്‍ ചിലവഴിച്ച പണത്തിന്‍രെ ഉത്തരവാദിത്വം കെ റെയിലിനു മാത്രമാണ്
കൊച്ചി | സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി അപക്വമാണെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് മനു ഫയല്‍ ചെയ്ത അധിക വിശദീകരണത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഭൂമി ഏറ്റെടുക്കല്‍ സര്‍വേക്കായി കെ റെയില്‍ കോര്‍പ്പറേഷന്‍ ചിലവഴിച്ച പണത്തിന്‍രെ ഉത്തരവാദിത്വം കെ റെയിലിനു മാത്രമാണ്. എന്നാല്‍ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഇത്തരമൊരു സര്‍വേ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. സര്‍വേ ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അധിക വിശദീകരണം നല്‍കിയിരിക്കുന്നത്..
റെയില്‍വേക്ക് 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടെങ്കിലും കെ റെയില്‍ കോര്‍പ്പറേഷന്‍ സ്വതന്ത്ര കമ്പനിയാണ്. അത്തരം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ലെന്നും കേന്ദ്രം വിശദമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനത്തിനായി കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്.