National
മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികള്‍ അപ്പീലുമായി ഡല്‍ഹി ഹൈക്കോടതിയിൽ
ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രതികളുടെ അപ്പീലില്‍ മറുപടി നല്‍കാന്‍ പോലീസിനോട് കോടതി
ന്യൂഡല്‍ഹി | മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികള്‍ അപ്പീലുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് പ്രതികളുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് സുരേശ് കുമാര്‍ കൈത്, മനോജ് ജൈന്‍ എന്നിവരടങ്ങിയ ബഞ്ചാണ് പ്രതികളുടെ അപ്പീലില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസിന് നോട്ടീസയച്ചത്.
പ്രതികളായ രവി കപൂര്‍ , അമിത് ശുക്ല , ബല്‍ജീത് സിംഗ് മാലിക് , അജയ് കുമാര്‍ എന്നിവരാണ് ജീവപര്യന്തം ശിക്ഷക്ക് എതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
പ്രമുഖ ഇഗ്ലീഷ് ചാനലില്‍ ജോലി ചെയ്തിരുന്ന സൗമ്യ വിശ്വനാഥന്‍ 2008 സെപ്തംബര്‍ 8 ന് പുലര്‍ച്ചെ ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങവെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ഡേല മാര്‍ഗില്‍ വെച്ച് വെടിയേറ്റ് മരിക്കുകയായിരുന്നു. 2023 നവംബര്‍ 26 നാണ് പ്രത്യേക കോടതി രവി കപൂര്‍ , അമിത് ശുക്ല , ബല്‍ജീത് സിംഗ് മാലിക് , അജയ് കുമാര്‍ എന്നീ നാല് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതിയായ അജയ് സേത്തിയെ മൂന്ന് വര്‍ഷത്തേക്കാണ് ശിക്ഷിച്ചിരിക്കുന്നത്.
തടവ്ശിക്ഷക്ക് പുറമെ ആദ്യ നാല് പ്രതികള്‍ക്ക് 1.25 ലക്ഷം രൂപയും അഞ്ചാം പ്രതിക്ക് 7.25 ലക്ഷം രൂപയും പിഴ ചുമത്തി. കവര്‍ച്ച ലക്ഷ്യം വെച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.