Connect with us

From the print

5ജി കാലത്ത് റേഷൻ കടകളിലെ ഇ- പോസിന് 2ജി വേഗത മാത്രം

സിഗ്നൽ വേഗത കൂടിയ സിമ്മിലേക്ക് മാറ്റണമെന്ന് റേഷൻ വ്യാപാരികൾ

Published

|

Last Updated

കോഴിക്കോട് | മൊബൈൽ കമ്പനികൾ 5ജിയിലേക്ക് ഉയർത്തി നെറ്റ്‌വർക്ക് വേഗത വർധിപ്പിക്കുമ്പോൾ റേഷൻ കടകളിലെ ഇ- പോസ് മെഷീനുകളിൽ ഉപയോഗിക്കുന്നത് വേഗത കുറഞ്ഞ 2ജി. ഈ നെറ്റ്‌വർക്കിൽ സിഗ്‌നലുകൾ ശരിയായി ലഭിക്കാത്തതിനാൽ ഓരോ ദിവസവും റേഷൻ വിതരണം താളംതെറ്റുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.

നിലവിൽ വി ഐ, ബി എസ് എൻ എൽ സിം കാർഡുകളിലാണ് സംസ്ഥാനത്തെ ഭൂരിപക്ഷം റേഷൻ കടകളിലെയും ഇ- പോസ് മെഷീനുകൾ പ്രവർത്തിക്കുന്നത്. നിരന്തരം നെറ്റ്‌വർക്ക് തകരാറുണ്ടാകുന്നുണ്ട്. ഇതിന് പരിഹാരമായി ഐ ടി സെൽ കാര്യക്ഷമമാക്കുമെന്നും 2ജി 4ജിയിലേക്ക് മാറ്റുമെന്നും കാലാവധി കഴിഞ്ഞ സിം മാറ്റിനൽകുമെന്നും നേരത്തേ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപ്പായിട്ടില്ല.

വേഗത കൂടിയ ജിയോ സിമ്മിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ ഒരു മാസത്തിലധികമായി നിലവിലെ സിം കാർഡുകൾ പൂർണമായി പ്രവർത്തനസജ്ജമല്ല. ഇവയിൽ മിക്ക സമയവും സിഗ്‌നൽ ലഭിക്കില്ല. അപൂർവം സന്ദർഭങ്ങളിൽ സിഗ്‌നൽ വൈകി ലഭിക്കുമെങ്കിലും വിതരണം നടത്തുമ്പോൾ പരിപൂർണമായി നിശ്ചലമാകുന്നു. വി ഐ സിമ്മിലാണ് കൂടുതൽ പ്രശ്നം.
റേഷൻ മുടങ്ങുന്ന പല കടകളിലും വ്യാപാരികൾ സ്വന്തം ചെലവിൽ ബ്രോഡ് ബാൻഡ്, വൈഫൈ കണക്്ഷനുകളെടുക്കുന്നുണ്ട്. കൂടുതൽ സിഗ്‌നൽ ലഭിക്കുന്ന കമ്പനികളുടെ സിം കാർഡുകൾ അനുവദിക്കുകയും നിലവിലെ 2ജി സിം കാർഡുകൾ 4ജിയിലേക്ക് ഉയർത്തണമെന്നുമാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
2018 മുതലാണ് ഇ- പോസ് മെഷീൻ സംവിധാനം നിലവിൽ വന്നത്. റേഷൻ കാർഡ് ഉടമകളെ തിരിച്ചറിഞ്ഞ് കൃത്യമായ അളവിൽ ഉത്പന്നങ്ങൾ വിതരണം ചെയ്യുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. വിരലടയാളം ആധാർ ഉപയോഗിച്ച് പരിശോധിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുക. തുടർന്ന് കാർഡുടമയുടെ വീട്ടിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളും റേഷൻ വിഹിതം, നൽകേണ്ട തുക, ബിൽ എന്നിവയും മെഷീനിൽ ലഭ്യമാകും.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest