Travelogue
ധീര രക്തസാക്ഷികളുടെ സവിധത്തിൽ
അനേകം ചരിത്ര ശേഷിപ്പുകളുള്ള ഇടമാണ് കൂഫയിലെ മസ്ജിദ്. പ്രവേശന കവാടത്തിൽ പതിച്ചിരിക്കുന്ന ബോർഡിൽ നിന്നും അക്കാര്യം മനസ്സിലാക്കാം.
അനേകം ചരിത്ര ശേഷിപ്പുകളുള്ള ഇടമാണ് കൂഫയിലെ മസ്ജിദ്. പ്രവേശന കവാടത്തിൽ പതിച്ചിരിക്കുന്ന ബോർഡിൽ നിന്നും അക്കാര്യം മനസ്സിലാക്കാം. അവയിൽ നൂഹ് നബിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തേ വിശദീകരിച്ചല്ലോ. അത് കൂടാതെ, ജിബ്‌രീൽ(അ), ആദം നബി (അ), ഇബ്റാഹീം നബി (അ), ഖിള്ർ നബി (അ), മുഹമ്മദ് നബി(സ) എന്നിവരുടെ മഖാമുകളും അടയാളപ്പെടുത്തിയിട്ടുണ്ട്. സ്വഹാബിമാരുമായി സ്മരണകൾ ജ്വലിക്കുന്ന കേന്ദ്രങ്ങൾ പുറമെയും. ചരിത്രപരമായി അവയിൽ പലതിന്റെയും ആധികാരികത സംശയാസ്പദമാണെങ്കിലും ഞങ്ങളവയെല്ലാം നടന്നു കണ്ടു.
പലയിടങ്ങളിലും ശീഈ മുല്ലമാരുടെ നേതൃത്വത്തിലുള്ള ക്ലാസ്സുകൾ നടക്കുന്നു. അലി(റ)ന് വെട്ടേറ്റ മിഹ്റാബിലാണ് കൂടുതൽ തിരക്കനുഭവപ്പെട്ടത്. മിഹ്റാബ് പ്രത്യേകമായി അടയാളപ്പെടുത്തി കവചം പണിതിട്ടുണ്ട്. അതിന്റെ ഇടതു വശത്ത് മുസ്‌ലിമുബ്നു അഖീൽ, ഹാനിഉബ്നു ഉർവ്വ(റ) എന്നിവരുടെ മഖ്ബറകൾ സ്ഥിതി ചെയ്യുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് നീങ്ങി. അലി(റ)ന്റെ സഹോദരനായ അഖീലിന്റെ പുത്രനാണ് മുസ്‌ലിം(റ). ഹുസൈൻ(റ) കൂഫയിലെ സ്ഥിതി ഗതികൾ അന്വേഷിക്കാൻ വേണ്ടി അയച്ച പ്രതിനിധി സംഘത്തെ നയിച്ചത് അദ്ദേഹമായിരുന്നു. ഹൃദ്യമായ സ്വീകരണമാണ് കൂഫക്കാർ മഹാന് നൽകിയത്. അക്കാര്യം അദ്ദേഹം ഹുസൈൻ(റ)നെ അറിയിക്കുകയും ചെയ്തു.
പക്ഷെ, മുസ്‌ലിം(റ)നോട് അനുഭാവ സമീപനം കൈക്കൊണ്ട ഗവർണർ നുഅ്മാനുബ്നു ബശീർ(റ)നെ ഭരണാധികാരി യസീദ് തത്്സ്ഥാനത്ത് നിന്ന് മാറ്റി. കർക്കശ സ്വഭാവമുള്ള ഇബ്നു സിയാദായിരുന്നു പകരക്കാരൻ. അതിനു മുമ്പ് അയാൾ ബസ്വറയിലായിരുന്നു. ജനം ഭീതിയിലായി. അയാളുടെ നടപടികൾ ക്രൂരമായിരുന്നു. പ്രതിഷേധവുമായി മുസ്‌ലിമുബ്നു അഖീലും അനുയായികളും രംഗത്തിറങ്ങി. ഗവർണറുടെ കൊട്ടാരം വളഞ്ഞു. ഗവർണർ പുറത്തിറങ്ങി പ്രതിഷേധക്കാരോട് വശീകരിക്കാൻ തുടങ്ങി. കൂഫക്കാർ പ്രലോഭനങ്ങൾക്ക് വഴങ്ങി. മുസ്‌ലിം(റ) ഒറ്റപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. മരണമായിരുന്നു ശിക്ഷ. ക്രി. 80ലായിരുന്നു ഈ സംഭവം.
മുസ്‌ലിം എന്നവർക്ക് സംരക്ഷണം നൽകിയതിനാണ് ഹാനിഉ ബ്നു ഉർവ്വ(റ)നെ ഇബ്നു സിയാദ് തടവിലാക്കിയത്. വധിച്ചെന്നും അഭിപ്രായമുണ്ട്. ഇക്കാരണത്താലാണ് മുസ്‌ലിം പ്രതിഷേധം ആരംഭിച്ചത്. ക്രൂരനായ ഇബ്നു സിയാദ് ഇരുവരുടെയും ശിരസ്സുകൾ ദമസ്കസിലുള്ള യസീദിന് അയച്ചു കൊടുത്തുവെന്നും ചരിത്ര രേഖകളിലുണ്ട്. തന്റെ അന്ത്യാഭിലാഷ പ്രകാരം ഈ വിവരങ്ങളെല്ലാം ഇമാം ഹുസൈൻ(റ)ന് ദൂതന്മാർ മുഖേന അറിയിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
മൈസമു തമ്മാർ(റ) ആണ് കൂഫയിൽ അന്ത്യവിശ്രമം കൊള്ളുന്ന മറ്റൊരു പ്രധാനി. മസ്ജിദിൽ നിന്ന് അൽപ്പം അകലെ മറ്റൊരു ഭാഗത്താണ് മഖ്ബറ.
ബനൂ അസദ് ഗോത്രത്തിൽ പെട്ട ഒരു സ്ത്രീയുടെ അടിമയായിരുന്നു മൈസം. അലി(റ) കൂഫയിലെത്തിയപ്പോൾ ശ്രദ്ധയിൽ പെട്ട അടിമകളെയെല്ലാം മോചിപ്പിക്കാൻ ഉടമസ്ഥരെ പ്രേരിപ്പിച്ചു. അക്കൂട്ടത്തിലൊരാളായാണ് മൈസം സ്വതന്ത്ര്യനായത്. അഞ്ഞൂറ് ദീനാറാണ് അലി(റ) പകരം ഉടമസ്ഥക്ക് നൽകിയത്. അദ്ദേഹം പിന്നീട് അലി(റ)ന്റെ പ്രിയ ശിഷ്യനായി മാറി. ഈത്തപ്പഴ വിൽപ്പനയായിരുന്നു ശിഷ്ടകാല തൊഴിൽ. നഗരത്തിൽ അദ്ദേഹത്തിനൊരു പഴക്കട ഉണ്ടായിരുന്നു. തമ്മാർ എന്ന വിശേഷണം അങ്ങനെ ലഭിച്ചതാണ്.
ഖലീഫ പലപ്പോഴും ആ പഴക്കട സന്ദർശിക്കാറുണ്ടായിരുന്നു. അഭേദ്യമായിരുന്നു അവർ തമ്മിലുള്ള ആത്മബന്ധം. ഭരണാധികാരി ദരിദ്രനായ തന്റെ പ്രജയുടെ ദിനവൃത്താന്തങ്ങളിൽ പങ്കുചേരുന്നു. കൂടെ ഇരിക്കുന്നു. ഇസ്‌ലാം മുന്നോട്ടു വെച്ച ലാളിത്യത്തിന്റെ പാഠങ്ങൾ. ഭക്തിയാണ് എല്ലാറ്റിനും മുകളിലെന്ന സന്ദേശമായിരുന്നു അത്. മികച്ച ഒരു പണ്ഡിതൻ കൂടിയായിരുന്നു മൈസം. ഖലീഫയിൽ നിന്ന് അദ്ദേഹം ധാരാളം വിജ്ഞാന ശാഖകളിൽ അറിവുകൾ ആർജിച്ചെടുത്തു. ഇബ്നു സിയാദിന്റെ ക്രൂരതകളുടെ ഇരയായിരുന്നു മൈസമു തമ്മാർ(റ)വും. അലി(റ) അതേ കുറിച്ച് നേരത്തേ തന്നെ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഹുസൈൻ(റ) കർബലയിൽ എത്തുന്നതിന്റെ പത്ത് ദിവസം മുമ്പായിരുന്നു ഇബ്നു സിയാദ് അദ്ദേഹത്തെ തൂക്കിലേറ്റിയത്.