Travelogue
മസ്ജിദ് പുത്രയുടെ ആത്മീയ നിർവൃതിയിൽ...
1999 സെപ്തംബർ ഒന്നിന് വിശ്വാസികൾക്ക് വേണ്ടി തുറന്നുകൊടുത്ത ഒരു വലിയ ആരാധനാലയമാണ് മസ്ജിദ് പുത്ര. മലേഷ്യയുടെ ആദ്യ പ്രധാനമന്ത്രി തുങ്കു അബ്ദുർറഹ്്മാൻ പുത്രാ അൽ ഹാജിന്റെ നാമധേയത്തിലാണ് മസ്ജിദ് സ്ഥാപിച്ചിട്ടുള്ളത്. 1999ലെ 250 മില്യൺ മലേഷ്യൻ റിങ്കിറ്റ് ഉപയോഗിച്ച് നിർമിച്ച നിർമിതിയാണിത്. പ്രധാന താഴികക്കുടവും ചെറിയ താഴികക്കുടങ്ങളും പിങ്ക് ഗ്രാനൈറ്റ് കൊണ്ടാണ് പണിതിട്ടുള്ളത്. അവയുടെ പണിത്തരങ്ങളും നിർമാണ രൂപവും കാഴ്ചയിൽ തന്നെ അതിന്റെ ചാരുതയെ നമ്മേ ബോധ്യപ്പെടുത്തുന്നതാണ്.
ആ നിർമിതിയുടെ നിഴൽ വളരെ കൃത്യമായി എന്റെ മുന്നിലുള്ള തടാകത്തിൽ പതിഞ്ഞിട്ടുണ്ട്. ഒരു ചെറിയ ഇളക്കം പോലുമില്ലാത്തതിനാൽ കാഴ്ച വളരെ മനോഹരമായിരുന്നു. കുറച്ചു നേരം ഞാനത് നോക്കിനിന്നു. അപ്പോഴേക്കും ഒരു പക്ഷി അതിവേഗം പറന്നുവന്നു വെള്ളത്തിൽ നിന്നും ഒരു മത്സ്യത്തെ കൊത്തിപ്പറന്നതോടെ വെള്ളത്തിൽ ഓളം വരുകയും ആ കാഴ്ചക്ക് മങ്ങലേൽക്കുകയും ചെയ്തു. പുത്രജയയുടെ ആത്മീയ ചിഹ്നമായ മസ്ജിദ് പുത്രയുടെ അതിഗംഭീരമായ പകർപ്പാണ് പുത്രജയ മനുഷ്യ നിർമിത തടാകത്തിൽ കണ്ടത്. തടാകത്തിനു കുറുകെ പോകുന്ന വലിയ പാലങ്ങളും ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുമെല്ലാം മസ്ജിദ് പുത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ തന്നെയാണ്. മിക്ക കെട്ടിടങ്ങളും ഭരണ നിർവഹണ സംവിധാനങ്ങളുടെ കേന്ദ്രങ്ങളാണ്. അതുപോലെ ഈ തടാകത്തിലേക്ക് സഞ്ചാരികൾക്ക് ഇറങ്ങാൻ തക്കവണ്ണത്തിലുള്ള ചെറിയ മരത്തടികളുടെ പാലങ്ങളുമുണ്ട്.
1999 സെപ്തംബർ ഒന്നിന് വിശ്വാസികൾക്ക് വേണ്ടി തുറന്നുകൊടുത്ത ഒരു വലിയ ആരാധനാലയമാണ് മസ്ജിദ് പുത്ര. മലേഷ്യയുടെ ആദ്യ പ്രധാനമന്ത്രി തുങ്കു അബ്ദുർറഹ്്മാൻ പുത്രാ അൽ ഹാജിന്റെ നാമധേയത്തിലാണ് മസ്ജിദ് സ്ഥാപിച്ചിട്ടുള്ളത്. 1999ലെ 250 മില്യൺ മലേഷ്യൻ റിങ്കിറ്റ് ഉപയോഗിച്ച് നിർമിച്ച നിർമിതിയാണിത്. പ്രധാന താഴികക്കുടവും ചെറിയ താഴികക്കുടങ്ങളും പിങ്ക് ഗ്രാനൈറ്റ് കൊണ്ടാണ് പണിതിട്ടുള്ളത്. അവയുടെ പണിത്തരങ്ങളും നിർമാണ രൂപവും കാഴ്ചയിൽ തന്നെ അതിന്റെ സങ്കീർണത നമ്മെ ബോധ്യപ്പെടുത്തുന്നതാണ്. ഞങ്ങൾ അംഗശുദ്ധി വരുത്തി മസ്ജിദിൽ കയറി രണ്ട് റക്അത്ത് ളുഹാ നിസ്‌കരിച്ചു. ശേഷം അൽപ്പനേരം വലിയ താഴികക്കുടത്തിന്റെ ചുവട്ടിൽ ഇരുന്നുകൊണ്ട് ആർക്കിടെക്റ്റ് ദാർവീഷിന്റെ വാസ്തുവിദ്യയെക്കുറിച്ചുള്ള പ്രഭാഷണം കേട്ടു. അദ്ദേഹം ഈ മസ്ജിദിൽ ഉപയോഗിച്ച നിർമാണ വൈദഗ്ധ്യവും അതി സൂക്ഷ്മമായ പണിത്തരങ്ങളും ഗോൾഡൻ റേഷ്യോ മാജിക്കുകളും കളർ കോഡുകളെ കുറിച്ചും വാചാലനായി. പുത്രാ മസ്ജിദ് അതിന്റെ വാസ്തുവിദ്യയിൽ മിഡിൽ ഈസ്റ്റ്, അപ്രകാരം പരമ്പരാഗത മലായ് ഡിസൈൻ ഘടകങ്ങൾ എന്നിവയുടെ സംയുക്ത രൂപമാണ്. 250 മില്യൺ മലേഷ്യൻ റിങ്കിറ്റ് ഇന്നത്തെ 400 കോടിയിലധികം രൂപക്ക് മൂല്യമുണ്ട്.
വലിയ താഴികക്കുടത്തിനുള്ളിലായി സാധാരണ ഇത്തരം നിർമിതികളിൽ കാണുന്ന രൂപത്തിലുള്ള ഖുർആൻ, അല്ലെങ്കിൽ ഇസ്്ലാമിക് സ്‌ക്രിപ്റ്റുകൾ കാണുന്നില്ല. വെറും ചിത്രപ്പണികൾ മാത്രം. അതുപോലെ ഉള്ളിൽ രണ്ട് നില എന്ന രീതിയിൽ നിന്നും വ്യത്യസ്തമായി മെസനൈൻ രീതിയിലാണ് ഫ്ലോറുകൾ സംവിധാനിച്ചിട്ടുള്ളത്. പ്രധാന ഹാളിലായി 12 വലിയ തൂണുകൾ, ഓരോ തൂണുകൾക്കിടയിലും വലിയ ഷാന്റിലിയർ വിളക്കുകളും കാണാം. അവക്കിടയിൽ ചെറു ജാലകങ്ങളും വർണ സ്ഫടിക ജാലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മസ്ജിദിനു പുറത്തെ അങ്കണത്തിലേക്ക് ഇറങ്ങിയാൽ പെർദാന പുത്രയുടെ താഴികക്കുടങ്ങളും മറ്റു അലങ്കാരങ്ങളും കാണാം. ഞങ്ങൾ മസ്ജിദിൽ നിന്നും അതിന്റെ താഴത്തെ ഷോപ്പിംഗ് ഏരിയയിലേക്ക് പോയി. അവിടെ സന്ദർശകർക്കായി അണിഞ്ഞൊരുങ്ങിയ നൂറോളം കടകൾ കാണാം.
പല വിധ കച്ചവടങ്ങളും അവിടെ തകൃതിയായി നടക്കുന്നുണ്ട്. വെയിലിന്റെ അതികാഠിന്യവും കുറേ നടന്നതിന്റെ ക്ഷീണവും ഒരു ജ്യൂസ് കുടിച്ചു ക്ഷീണം അകറ്റാം എന്ന ചിന്തയിലേക്ക് ഞങ്ങളെ എത്തിച്ചു. എങ്കിൽ, കിഴക്കനേഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കാണുന്ന പഴവർഗങ്ങളിലെ രാജ്ഞി എന്നറിയപ്പെടുന്ന ദുരിയാൻ ജ്യൂസ് കുടിക്കാമെന്നു തീരുമാനിച്ചു. മാനസികമായി അതിനോട് താത്പര്യമുണ്ടായിരുന്നില്ല. സ്ഥാനം പഴവർഗത്തിലെ രാജ്ഞി എന്നൊക്കെയാണെങ്കിലും അതിന്റെ മണവും രുചിയും അത്ര ആകർഷണീയമല്ല. എങ്കിലും ദാർവീഷിന്റെ നിർബന്ധത്തിനു വഴങ്ങി രണ്ട് ജ്യൂസ് ഓർഡർ ചെയ്തു.
തടാകത്തിന്റെ അരികിൽ ഇരുന്നു കൊണ്ട് ഇളം കാറ്റും വെയിലും സമ്മിശ്രമായി ലഭിക്കുന്ന ആ സുഖത്തിൽ ദുരിയാൻ പഴത്തിന്റെ രസമില്ലായ്മ മറന്നു കൊണ്ട് ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചു. മസ്ജിദ് പുത്രയുടെ പുറത്തായി ഒരു വലിയ പൊളിറ്റിക്കൽ വേൾഡ് മാപ് സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഒരുപാട് മൊട്ടുസൂചികൾ തറച്ചുവെച്ചതും കാണാം. അതിനരികിൽ പോയപ്പോളാണ് മനസ്സിലായത് ലോകത്തിന്റെ ഏതൊക്കെ കോണിൽ നിന്നും ആളുകൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് എന്ന് കാണിക്കാൻ വേണ്ടി സ്ഥാപിച്ച ഒരു മാപാണിത്.
ഞാൻ ഇന്ത്യയുടെ ഭാഗം നോക്കി. അവിടം ഒരു ഇഞ്ച് പോലും കാണാത്ത രൂപത്തിൽ ഒരുപാട് സൂചികൾ ഉണ്ട്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കും ബാഹുല്യവുമാണ് അതെന്നോട് പറഞ്ഞത്. എനിക്കും അതിൽ ഒരു സൂചി പതിക്കാൻ ആഗ്രഹമേറി. പക്ഷേ, ഒരു സൂചിക്ക് കൂടെ അതിൽ പഴുതുണ്ടായിരുന്നില്ല. ഞാൻ അതിൽ മിഴിച്ചു നോക്കുന്നത് കണ്ടപ്പോൾ മസ്ജിദിന്റെ പരിപാലകരിലൊരാൾ വരുകയും വിഷയം ആരായുകയും എനിക്ക് വേണ്ടി അതിലെ മറ്റൊരു സൂചി പറിച്ചു തന്നു കുത്താനുള്ള അവസരം ഒരുക്കിത്തന്നു. യഥാർഥത്തിൽ ഇതൊന്നും നമ്മളെ യാത്രയിൽ ബാധിക്കുന്ന ഒരു സംഗതി അല്ല. പക്ഷേ, ഒരു സഞ്ചാരിയുടെ , അല്ലെങ്കിൽ സന്ദർശകന്റെ ആഗ്രഹത്തെയും അഭിലാഷത്തെയും പരിഗണിക്കുന്ന ആ തദ്ദേശീയ മനസ്സുകൾക്കാണ് ഇവിടെ സ്ഥാനം. നിർവൃതിയുള്ള മനസ്സോടെ ഞങ്ങൾ മസ്ജിദ് പുത്രയിൽ നിന്നും പ്രധാന പാതയിലേക്ക് ഇറങ്ങിനടന്നു.