Connect with us

National

ജുഡീഷ്യൽ അംഗം ഉൾപ്പെട്ടെങ്കിലേ ഭരണഘടനാ സ്ഥാപനവും സ്വതന്ത്രമാകൂ എന്ന ഈ വാദം തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (സിഇസി) മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും (ഇസി) നിയമിക്കുന്ന പുതിയ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ബുധനാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

Published

|

Last Updated

ന്യൂഡ്രൽഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (സിഇസി) മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും (ഇസി) നിയമിക്കുന്ന പുതിയ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ബുധനാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സെലക്ഷൻ പാനലിൽ ജുഡീഷ്യൽ അംഗത്തെ ഉൾപ്പെടുത്തിയാലേ ഏതൊരു ഭരണഘടനാ സ്ഥാപനവും സ്വതന്ത്രമാകൂ എന്ന ഈ വാദം തെറ്റാണെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും രാഷ്ട്രീയ വിവാദം സൃഷ്ടിക്കുക എന്നത് മാത്രമാണ് ഈ ഹർജിയുടെ ലക്ഷ്യമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്ര പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള പുതിയ നിയമം ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കോൺഗ്രസ് പ്രവർത്തകയായ ജയ താക്കൂറാണ് ഹർജി നൽകിയത്. ജനുവരി 12 ന് ഈ ഹർജി പരിഗണിക്കവേ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് മറുപടി തേടിയിരുന്നു.

2023 മാർച്ച് 2 ന്, ചീഫ് ഇലക്ഷൻ കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ചരിത്രപരമായ തീരുമാനം പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര സർക്കാർ നിയമിക്കുന്നതിന് പകരം, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായ ഒരു സമിതി നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഈ സമിതി രാഷ്ട്രപതിക്ക് പേരുകൾ ശുപാർശ ചെയ്യുകയും രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്യണമന്നും കോടതി വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച് പാർലമെൻ്റ് നിയമം പാസ്സാക്കുന്നതു വരെ ഈ നടപടി നിലനിൽക്കുമെന്നും അന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ സുപ്രീം കോടതിയുടെ നിർദേശം കേന്ദ്രം അംഗീകരിച്ചില്ല. തുടർന്ന് സുപ്രീം കോടതി വിധി മറികടക്കുന്നതിന്, 2023 ഡിസംബർ 21ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം, സേവനം, വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച ബിൽ കേന്ദ്രം പാർലിമെന്റിൽ അവതരിപ്പിച്ചു. ഈ ബിൽ പ്രകാരം പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ പാനലായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുക. ചീഫ് ജസ്റ്റിസിനെ പാനലിൽ നിന്ന് ഒഴിവാക്കി. ഡിസംബറിൽ നടന്ന ശീതകാല സമ്മേളനത്തിൽ ഇരുസഭകളിലും ബിൽ പാസാക്കുകയും ചെയ്തു. ഈ നിയമത്തിന് എതിരെയാണ് ജയ താക്കൂർ ഹർജി നൽകിയത്.

ഇക്കഴിഞ്ഞ മാർച്ച് 14 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചിരുന്നു.  ഇതിനു പിന്നാലെയാണ് ഹർജിയിൽ കേന്ദ്രം വിശദീകരണം നൽകിയത്.

Latest