Connect with us

Uae

യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ പുതുക്കി നിശ്ചയിച്ചു

ക്വറന്റൈൻ സംബന്ധിച്ചു തെറ്റായ വിവരം നൽകുന്നവർക്ക് 20,000 ദിർഹമാണ് പിഴ.

Published

|

Last Updated

അബുദാബി |  യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷകള്‍ അധികൃതര്‍ പുതുക്കി നിശ്ചയിച്ചു. ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാത നിയമ ലംഘനങ്ങൾക്ക് ആയിരം ദിർഹം മുതൽ അൻപതിനായിരം ദിർഹം വരെയാണ് പിഴ. യുഎഇ അറ്റോർണി ജനറൽ ഡോക്ടർ ഹമദ് സെയിഫ് അൽ ഷംസിയാണ്  കോവിഡ്  പ്രതിരോധ നിയമ ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴ പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനം ചെറുക്കുക എന്നതാണ് ലക്‌ഷ്യം. വീടുകളിലും, ക്വറന്റൈൻ സെന്ററുകളിലും ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാതവർക്ക് അൻപതിനായിരം ദിർഹമായിരിക്കും പിഴ. ക്വറന്റൈൻ സംബന്ധിച്ചു തെറ്റായ വിവരം നൽകുന്നവർക്ക് 20,000 ദിർഹമാണ് പിഴ. രാജ്യത്തിന് പുറത്തു നിന്നും തൊഴിലാളികളെയോ ഗാർഹിക ജീവനക്കാരെയോ കൊണ്ട് വരുന്നത് സംബന്ധിച്ചുള്ള വിവരം മറച്ചു വെക്കുന്നവർക്ക് 20,000 ദിർഹമാണ് പിഴ. അൽ ഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യാത്തവർക്കും 10 ,000 ദിർഹം പിഴ ലഭിക്കും.

കോവിഡ് ട്രാക്കിങ് ഉപകരണങ്ങൾ ധരിക്കാത്തവർക്ക് 10 ,000 ദിർഹം പിഴ ലഭിക്കുമ്പോൾ ബോധപൂർവം കേടാക്കുന്നവർക്ക്  10 ,000 ദിർഹവും, നഷ്ടപ്പെടുത്തിയാൽ 1 ,000 ദിർഹമും പിഴ ലഭിക്കും. ട്രാക്കിങ് ഉപകരണങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് 20 ,000 ദിർഹം പിഴ ലഭിക്കും.മാസ്ക് ധരിക്കാത്തവർക്ക് 3,000 ദിർഹമും വാഹനങ്ങളിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് 3,000 ദിർഹമും പിഴ ലഭിക്കും. കാറുകളിൽ ഡ്രൈവറെ കൂടാതെ 2 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.

കാറുകളിലും പിക്ക് അപ്പ് ട്രക്കുകളിലും ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും അനുവദിക്കപ്പെട്ടതിലധികം പേര്‍ യാത്ര ചെയ്‍താല്‍ 3000 ദിര്‍ഹം പിഴ അടയ്‍ക്കേണ്ടി വരുമെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചിരിക്കുന്നത്. ബൈക്കുകളില്‍ വാഹനം ഓടിക്കുന്നയാളിന് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. പിക്കപ്പ് ട്രക്കുകളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരു യാത്രക്കാരന് കൂടി സഞ്ചരിക്കാം. മറ്റ് വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കുമാണ് അനുമതിയുള്ളത്.

ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഈ പരിധിയില്‍ ഇളവ് ലഭിക്കും. വാഹനത്തിനുള്ളില്‍ ഡ്രൈവര്‍ മാത്രമാണെങ്കില്‍ മാസ്‍ക് ധരിക്കേണ്ടതില്ല. അതുപോലെ തന്നെ ഒരു കുടുംബത്തിലെ അംഗങ്ങളും അവരുടെ വീട്ടുജോലിക്കാരും മാത്രമാണ് വാഹനത്തിലുള്ളതെങ്കിലും വാഹനത്തിനുള്ളില്‍ മാസ്‍ക് ധരിക്കേണ്ടതില്ല.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest