Connect with us

Prathivaram

വാദീശുഐബിന്റെ വിരിമാറിൽ

പാരമ്പര്യമായി സംരക്ഷിക്കപ്പെട്ടുവരുന്ന ചരിത്ര സ്മാരകം 2003 റമസാനിൽ അബ്ദുല്ലാ രാജാവാണ് നവീകരിച്ചത്. ആയിരം പേർക്ക് നിസ്കരിക്കാവുന്ന പള്ളിയും അതോട് ചേർത്ത് നിർമിച്ചിട്ടുണ്ട്. ചുറ്റും ഒലീവ് മരങ്ങളും പ്ലം ചെടികളും നട്ട് മോടി പിടിപ്പിച്ചിരിക്കുന്നു. നല്ല ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് വാദീശുഐബിലേത്.

Published

|

Last Updated

ആയിരക്കണക്കിന് അടി ഉയരമുള്ള പർവതത്തിന്റെ മുകളിൽ നിന്ന് ഞങ്ങളുടെ യാത്രാവാഹനം താഴോട്ട് ഇറങ്ങുകയാണ്. വളഞ്ഞ് പുളഞ്ഞ് ഒരു അരുവിപോലെ ഒഴുകുന്ന റോഡ്. ഇരുവശങ്ങളിലും അഗാധമായ ഗർത്തങ്ങൾ. അവയുടെ അടിത്തട്ടെന്ന വിധം അരുവികൾ ചാലിട്ടൊഴുകുന്നു. അവയുടെ തീരത്ത് പരവതാനി വിരിച്ചുനിൽക്കുന്ന പുൽമേടുകളിൽ അങ്ങിങ്ങായി മേഞ്ഞുനടക്കുന്ന കന്നുകാലികൾ. ഇവിടെയാണ് ചരിത്രമുറങ്ങുന്ന വാദീശുഐബ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരമാണ് ജോർദാനിലെ ചെങ്കുത്തായ ഈ താഴ്‌വാരത്തുകൂടിയുള്ള യാത്ര. മലമടക്കുകളിലേക്കുള്ള കയറ്റിറക്കമെന്ന പോലെ ഇസ്‌ലാമിക ചരിത്രത്തിന്റെ അടരുകളിലേക്കുള്ള പ്രയാണം കൂടിയാണിത്. വിശുദ്ധ ഖുർആനും ഹദീസുകളും പരാമർശിക്കുന്ന പുണ്യകേന്ദ്രങ്ങളിലൂടെയുള്ള തീർഥയാത്ര.

കലീമുല്ലാഹി മൂസാ(അ)ന്റെയും ശുഐബ് നബി(അ)ന്റെയും അയ്യൂബ് നബി(അ)യുടെയും ജീവിതശേഷിപ്പുകളുള്ള മലനിരകൾ. അവയിലൂടെയുള്ള ഓരോ ചുവടുവെപ്പുകളും ഇന്നലെകളുടെ സ്മൃതികളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ചെറുപ്പകാലത്ത് ഉസ്താദുമാരിൽ നിന്നും കേട്ട സംഭവങ്ങൾ ഒരിക്കൽ കൂടി ഓർമകളിൽ തെളിഞ്ഞുവന്നു. പ്രകൃതി ആ സംഭവ വിവരണങ്ങളെ ആഗതർക്ക് വിവരിച്ചു നൽകാനെന്ന വിധം അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. കല്ലിൽ കൊത്തിവെക്കപ്പെട്ട എഴുത്തുകൾ പോലെ പ്രകൃതി പോയകാലത്തിന്റെ ഇതളുകൾ അതിന്റെ വിരിമാറിൽ ഇപ്പോഴും കാത്തുസൂക്ഷിച്ചിട്ടുണ്ട്.

അബൂഉബൈദതുൽ ജർറാഹ്(റ)ന്റെ മഖ്ബറ സിയാറത്തിന് ശേഷമാണ് ഞങ്ങൾ ശുഐബ് നബി(അ)യുടെ സവിധം ലക്ഷ്യമാക്കി യാത്ര തിരിച്ചത്. സ്വഹാബികളിലെ പ്രധാനിയും ബദ്ർ യുദ്ധത്തിൽ പങ്കെടുത്തവരുമാണ് അബൂഉബൈദ(റ). ഈ ഉമ്മത്തിലെ വിശ്വസ്തൻ എന്ന് തിരുനബി(സ്വ) വിശേഷിപ്പിച്ചവർ.

മദ്്യനിലേക്കായിരുന്നുവല്ലോ ശുഐബ്(അ)നെ അല്ലാഹു പ്രവാചകനായി നിയോഗിച്ചത്. കൃഷിയും വ്യാപാരവുമായിരുന്നു മദ് യൻ നിവാസികളുടെ ഉപജീവന മാർഗങ്ങൾ. അളവുതൂക്കങ്ങളിൽ കൃത്രിമം നടത്തി കൊള്ളലാഭം നേടാൻ അവർ മത്സരിച്ചു. ശുഐബ് നബി (അ) ഇത്തരം അനീതികളെ ശക്തമായി എതിർത്തു. പക്ഷേ, പ്രസ്തുത മുന്നറിയിപ്പുകളെ അവർ അവഗണിച്ചു, അല്ലാഹു അവരെ കഠിനമായ ശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു.

കൃഷി തന്നെയാണ് ഇപ്പോഴും ഇവിടുത്തെ ജനങ്ങളുടെ ഉപജീവന മാർഗം. തക്കാളിയും ഉള്ളിയും മറ്റു വിഭവങ്ങളുമെല്ലാം താഴ് വാരത്ത് വിളഞ്ഞുനിൽപ്പുണ്ട്. ചൂടിന്റെ കാഠിന്യവും ജല ദൗർലഭ്യവുമാണ് കർഷകർ അനുഭവിക്കുന്ന പ്രധാന പ്രശ്നമെന്ന് പറയാം. വലിയ ടെന്റുകൾ നിർമിച്ച് അതിന് താഴെ കൃഷിചെയ്താണ് ഇതിന് പോംവഴി കണ്ടെത്തുന്നത്. ചെറിയ ചെറിയ കനാലുകളിലൂടെയും പൈപ്പ് ലൈനുകളിലൂടെയും വെള്ളം അവയിലേക്കെത്തിക്കുന്നു. ജോർദാനിന്റെ ഗ്രാമീണ സൗന്ദര്യം വിളിച്ചോതുന്ന ജനവാസ പ്രദേശങ്ങൾ അവയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടപ്പുണ്ട്. പ്രകൃതിയുടെ ഈ ദൃശ്യഭംഗിയാണ് ശുഐബ് നബി(അ)യുടെയും അനുയായികളുടെയും ഖിസ്സകൾ ആവാഹിച്ചു നിൽക്കാൻ ഈ പ്രദേശത്തെ ഇപ്പോഴും പ്രാപ്തമാക്കുന്നതെന്ന് തോന്നും.

മൂസാനബി(അ) ഭാര്യാപിതാവാണ് ശുഐബ് നബി(അ). തന്റെ മക്കളെ സഹായിച്ചതിന്റെ ഉപകാരസ്മരണക്കാണ് ശുഐബ് നബി(അ) മൂസാനബി(അ)യെ മകളുടെ ഭർത്താവായി തിരഞ്ഞെടുത്തത്. മികച്ച ഒരു വാഗ്മിയും സാഹിത്യകാരനുമായിരുന്നു ശുഐബ് നബി (അ). പ്രവാചകന്മാർക്കിടയിലെ പ്രഭാഷകൻ (ഖത്വീബുൽ അമ്പിയാഅ്) എന്നാണ് മഹാനവർകളുടെ അപരനാമം. പതിനൊന്ന് തവണ ഖുർആനിൽ ശുഐബ് നബി(അ)യുടെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. നൂറ്റിനാൽപ്പത്തി രണ്ട് വർഷമായിരുന്നു ജീവിതകാലം.

ശുഐബ് നബി(അ) ലേക്ക് ചേർത്താണ് ഈ പ്രദേശം ഇപ്പോഴും അറിയപ്പെടുന്നത്.
മഹാനവർകളുടെ മഖ്ബറയാണ് വാദീശുഐബിലെ പ്രധാന സന്ദർശനകേന്ദ്രം. പാരമ്പര്യമായി സംരക്ഷിക്കപ്പെട്ടുവരുന്ന ഈ ചരിത്ര സ്മാരകം 2003 റമസാനിൽ അബ്ദുല്ലാ രാജാവാണ് നവീകരിച്ചത്. ആയിരം പേർക്ക് നിസ്കരിക്കാവുന്ന പള്ളിയും അതോട് ചേർത്ത് നിർമിച്ചിട്ടുണ്ട്. ചുറ്റും ഒലീവ് മരങ്ങളും പ്ലം ചെടികളും നട്ട് മോടി പിടിപ്പിച്ചിരിക്കുന്നു. നല്ല ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് വാദീശുഐബിലേത്. മഖ്ബറ സന്ദർശനം കഴിഞ്ഞിറങ്ങുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി മനസ്സിൽ നിറഞ്ഞു. കേവലം കഴിഞ്ഞകാല യാഥാർഥ്യങ്ങൾ മാത്രമല്ലല്ലോ പൂർവികരുടെ ജീവിതത്തുടിപ്പുകൾ. വർത്തമാനത്തെ മുന്നോട്ടുനയിക്കാനുള്ള ശേഷിയുള്ള ശക്തി കൂടിയാണല്ലോ അവ. അപ്രകാരം ഏതൊരു സഞ്ചാരിയിലും അഗാധ സ്വാധീനം ചെലുത്തുന്ന പ്രദേശം തന്നെയാണ് വാദീശുഐബ്.

Latest