Ongoing News
മയക്കുമരുന്നു കേസ് പ്രതിയെ കരുതല്‍ തടങ്കലിലാക്കി
തിരുവല്ല ഇരവിപേരൂര്‍ വള്ളംകുളം കിഴക്ക് പാടത്തുപാലം പുത്തന്‍ പറമ്പില്‍ വിനീത് രവികുമാര്‍ (25)നെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.
പത്തനംതിട്ട | മയക്കുമരുന്ന് കടത്തുകാരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്ന നിയമപ്രകാരം ജില്ലയില്‍ രണ്ടാമത്തെ ഉത്തരവ് പോലീസ് നടപ്പാക്കി. അഞ്ച് കഞ്ചാവ് കേസുകളില്‍ പ്രതിയായ തിരുവല്ല ഇരവിപേരൂര്‍ വള്ളംകുളം കിഴക്ക് പാടത്തുപാലം പുത്തന്‍ പറമ്പില്‍ വിനീത് രവികുമാര്‍ (25)നെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെതാണ് ഉത്തരവ്. തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ജില്ലാ പോലീസ് മേധാവിക്ക് ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നര്‍കോട്ടിക് ഉത്പന്നങ്ങളുടെയും ലഹരിവസ്തുക്കളുടെയും അനധികൃത കടത്ത് തടയല്‍ (പി ഐ ടി) നിയമം 1988 വകുപ്പ് 3(1) പ്രകാരം കഴിഞ്ഞ 27 നാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായത്. വിനീതിനെതിരെ നിലവിലുള്ള അഞ്ച് കേസുകളില്‍ നാലും തിരുവല്ല എക്സൈസ് എടുത്ത കഞ്ചാവ് കേസുകളാണ്. കഴിഞ്ഞവര്‍ഷം തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഞ്ചാവ് വില്‍പനക്ക് സൂക്ഷിച്ചുവക്കലിനു പുറമെ, മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമവും പോലീസിനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കലും ഉള്‍പ്പെടുന്നു. ഈ കേസുകളിലെല്ലാം ഇയാള്‍ കോടതിയില്‍ വിചാരണ നേരിട്ടുവരികയാണ്.