Kerala
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തനിയെ തുറന്നു; റോഡിലേക്ക് തെറിച്ചുവീണ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്
അപകടത്തില്‍ സന്ദീപിന്റെ കൈവിരലുകള്‍ക്കും ഇടുപ്പിനും ഇടതു കൈയ്ക്കും പരിക്കേറ്റു.
തിരുവനന്തപുരം|തിരുവനന്തപുരം കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തനിയെ തുറന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി റോഡിലേക്ക് തെറിച്ചു വീണു. തിരുമല എഎംഎച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥി സന്ദീപ് ആണ് തെറിച്ചുവീണത്. അപകടത്തില്‍ സന്ദീപിന്റെ കൈവിരലുകള്‍ക്കും ഇടുപ്പിനും ഇടതു കൈയ്ക്കും പരിക്കേറ്റു.
ഇന്ന് രാവിലെ 8.35ഓടെ കാട്ടാക്കട അന്തിയൂര്‍ക്കോണം പാലത്തിനും അന്തിയൂര്‍ക്കോണം ജംഗ്ഷനും ഇടയ്ക്കുള്ള ഗട്ടറില്‍ വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ പോയ കെഎസ്ആര്‍ടിസി ബസ് പാലത്തിന് സമീപമെത്തിയപ്പോള്‍ റോഡിലെ ഗട്ടറില്‍ ഇറങ്ങി. ഗട്ടറില്‍ പതിച്ചതോടെ ബസിന്റെ ഡോര്‍ തനിയെ തുറന്നുപോകുകയായിരുന്നു. ഡോര്‍ തുറന്നതോടെ സന്ദീപ് പുറത്തേക്ക് തെറിച്ചുവീണു.
സന്ദീപ് റോഡിലേക്ക് തെറിച്ച് വീണിട്ടും ബസ് നിര്‍ത്താതെ പോയി. യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് 750 മീറ്റര്‍ മുന്നോട്ട് പോയ ശേഷമാണ് ബസ് നിര്‍ത്തിയത്. തുടര്‍ന്ന് യാത്രക്കാരാണ് സന്ദീപിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.