Kerala
തൃശൂരില്‍ ഇ ഡി, ബി ജെ പിക്ക് അനുകൂലമായ സാഹചര്യമൊരുക്കി: എം വി ഗോവിന്ദന്‍
തൃശൂരിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് വോട്ടുകള്‍ വന്‍തോതില്‍ ബി ജെ പിക്ക് പോയതായും ഗോവിന്ദന്‍.
തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി ജെ പിക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രധാന പങ്കുവഹിച്ചതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കരുവന്നൂര്‍ കേസില്‍ സി പി എമ്മിന്റെ ബേങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ ഡി നടപടി പാര്‍ട്ടിക്കെതിരായി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാന്‍ ഇടയാക്കി. ഇതിനു പുറമെ, തൃശൂരിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് വോട്ടുകള്‍ വന്‍തോതില്‍ ബി ജെ പിക്ക് പോയതായും എം വി ഗോവിന്ദന്‍ ആരോപിച്ചു.
തിരഞ്ഞടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ ഇതിനു മുമ്പും ഒരു സീറ്റ് പോലും കിട്ടാത്ത സാഹചര്യം ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ടെന്നും സൂചിപ്പിച്ചു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പല സീറ്റുകളും കിട്ടാതെ പോയിട്ടുണ്ട്. തോല്‍വിയെ കുറിച്ച് പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. വിലയിരുത്തലിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയും. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തും. ജനങ്ങളാണ് അവസാന വാക്ക്. സംഘടനാ തലത്തിലും പരിശോധന യുണ്ടാകും.
അതേസമയം, പാര്‍ട്ടിയുടെ അടിത്തറ ഇപ്പോഴും ഭദ്രമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്നാല്‍, 2014നെ അപേക്ഷിച്ച് ഏഴു ശതമാനം വോട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. അത് ഗൗരവമായി തന്നെയാണ് പാര്‍ട്ടി കാണുന്നത്.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്ന നിലപാടാണ് യു ഡി എഫ് സ്വീകരിച്ചത്. കെ റെയില്‍ അടക്കമുള്ള വികസന പദ്ധതികളോടുള്ള എതിര്‍പ്പ് ഇതിന്റെ ഭാഗമാണ്.