National
യുപിയില്‍ 75കാരന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചു, ചെരുപ്പ് മാലയിട്ട് തെരുവിലൂടെ നടത്തിച്ചു; നാല് പേര്‍ അറസ്റ്റില്‍
സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ലക്‌നോ| ഉത്തര്‍പ്രദേശില്‍ വയോധികനോട് ക്രൂരമായി പെരുമാറിയ നാലുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. സിദ്ധാര്‍ത്ഥനഗറില്‍ 75 കാരന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചു. ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചുവെന്നും സ്വന്തം തുപ്പല്‍ നക്കിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിഘര ഗ്രാമത്തിലെ താമസക്കാരനായ മൊഹബത്ത് അലിക്ക്(75) നേരെയാണ് അതിക്രമം ഉണ്ടായത്.
മകളെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് ഒരാള്‍ അലിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വയോധികനെ ചിലര്‍ ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അലിയെ ആക്രമിച്ച നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്യായമായി തടഞ്ഞുനിര്‍ത്തല്‍, മുറിവേല്‍പ്പിക്കല്‍, വീടുതകര്‍ക്കല്‍, മനഃപൂര്‍വം അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.