National
ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വി ഉൾപ്പെടെ രോഗ ബാധ
കാൺപൂരിലെ ലാല ലജ്പത് റായി ആശുപത്രിയിൽ നിന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത്.
കാൺപൂർ | ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച് ഐ വി ഉൾപ്പെടെ വിവിധ രോഗങ്ങൾ പിടിപെട്ടു. തലാസീമിയ പിടിപെട്ട് രക്തം സ്വീകരിച്ച ആറിനും 16നും ഇടയിൽ പ്രായമായ കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. എച്ച് ഐ വിക്ക് പുറമെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി രോഗങ്ങളാണ് കുട്ടികളിൽ സ്ഥിരീകരിച്ചത്. കാൺപൂർ, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുട്ടികൾ.
കാൺപൂരിലെ ലാല ലജ്പത് റായി ആശുപത്രിയിൽ നിന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത്. രക്തദാനം വഴി സ്വീകരിച്ച രക്തം പരിശോധിച്ചതിൽ സംഭവിച്ച വീഴ്ചയാകാം കുട്ടികളിൽ രോഗബാധക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രോഗാണു ശരീരത്തിൽ കയറി പരിശോധനയിൽ കണ്ടെത്താൻ എടുക്കുന്ന സമയത്തിനുള്ളിൽ രക്തദാനം നടത്തിയതും രോഗബാധ പകരാനിടയാക്കിയിരിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ജില്ലാ/സ്വകാര്യ ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശികമായി രക്തദാനം നടന്നിട്ടുണ്ടെന്നും ഇത്തരം ഘട്ടങ്ങളിൽ രക്തം സ്വീകരിക്കുന്ന കുട്ടികൾക്ക് അണുബാധക്ക് എതിരായ വാക്സിൻ നൽകേണ്ടിയിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
എച്ച് ഐ വി ബാധിച്ച കുട്ടികളെ ആശുപത്രിയുടെ എച്ച് ഐ വി സെന്ററിലേക്കും മറ്റുള്ളവരെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലേക്കും മാറ്റിയിരിക്കുകയാണ്.