National
ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രാത്രിയോടെ പുറത്തെത്തിക്കും; അധികൃതര്‍
തൊഴിലാളികളുടെ അടുത്തെത്താന്‍ അഞ്ചുമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂവെന്നാണ് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍.
ഡെറാഡൂണ്‍| ഉത്തരാഖണ്ഡില്‍ ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാനഘട്ടത്തില്‍. ഓഗര്‍ മെഷീന്‍ ഉപയോഗിച്ച് ഡ്രില്ലിങ് പുരോഗമിക്കുകയാണ്. തൊഴിലാളികളുടെ അടുത്തെത്താന്‍ അഞ്ചുമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂവെന്നാണ് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ന് രാവിലെയോടെ 41 തൊഴിലാളികളെ പുറത്തെത്തിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതിനാല്‍ ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷപ്പെടുത്തി കഴിഞ്ഞാല്‍ തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പുറത്ത് ഒരുക്കിയിരിക്കുന്നത്.
രക്ഷാ പ്രവര്‍ത്തനത്തിന്റെ പല ഘട്ടങ്ങളിലും നേരിടേണ്ടി വന്ന പ്രതിസന്ധികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. പുറത്ത് എത്തുന്ന തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ നേരത്തെ സജ്ജമാക്കിയിരുന്നു. ചിന്യാലിസൗര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആണ് തൊഴിലാളികള്‍ക്ക് വേണ്ടി 41 ബെഡുകള്‍ അധികൃതര്‍ ഒരുക്കിയത്. ഇവരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാനുള്ള മുന്‍ കരുതലുകളും അധികൃതര്‍ ഒരുക്കിയിരുന്നു.