Connect with us

Kerala

മതിയായ അധ്യാപന പരിചയമില്ല; അസോ. പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി

യുജിസിയുടെ നിബന്ധനകൾക്ക് അപ്പുറം പോകാൻ കോടതിക്ക് കഴിയില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | കണ്ണൂർ സർവകലാശാല അസോ. പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു ഹൈക്കോടതിയിൽ തിരിച്ചടി. പ്രിയ വർഗീസിന് അസോ. പ്രൊഫസർ നിയമനത്തിന് വേണ്ടത്ര യോഗ്യതയില്ലന്ന് കോടതി വ്യക്തമാക്കി. പ്രിയ വർഗീസിന് മതിയായ അധ്യാപകന പരിചയമില്ലെന്നും എൻ എസ് എസ് കോർഡിനേറ്ററായി പ്രവർത്തിച്ചത് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. അസോ. പ്രൊഫസർ തസ്തികയിൽ നിയമനം നേടാൻ പ്രിയ വർഗിസിന് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

യുജിസിയുടെ നിബന്ധനകൾക്ക് അപ്പുറം പോകാൻ കോടതിക്ക് കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. യു ജി സി റെഗുലേഷനാണ് പ്രധാനമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ടത് എട്ട് വർഷത്തെ അധ്യാപന പരിചയമാണ്. പ്രിയ വർഗീസിന് വേണ്ടത്ര അധ്യാപക പരിചയമില്ല. അസി. പ്രൊഫസർ തസ്തികയിൽ അവർ വേണ്ടത്ര കാലം പ്രവർത്തിച്ചിട്ടില്ല. എൻ എസ് എസ് കോർഡിനേറ്റർ സ്റ്റുഡൻറ്റ് കോർഡിനേറ്റർ എന്നിവ അധ്യാപക പരിചയമായി കണക്കാക്കാനാകില്ല. ഗവേഷണ കാലം പൂർണമായും ഗവേഷണത്തിനായി ചെലവഴിച്ചതിനാൽ അതും അധ്യപക യോഗ്യതയായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടിയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി. പ്രിയയ്ക്ക് അഭിമുഖത്തിൽ 32 മാർക്കും ജോസഫിന് 30 മാർക്കുമാണ് നൽകിയത്. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.

 

Latest