Organisation
വെസ്റ്റ് ബംഗാളിലെ ഹിറാ കാമ്പസ് ഉദ്ഘാടനം നാളെ
ഹിറാ ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ഹിറാ ലിറ്റില്‍ സ്‌കൂള്‍, ഹിറാ പബ്ലിക് സ്‌കൂള്‍, ഹിറാ ഖാതൂന്‍ സ്‌ക്വയര്‍ എന്നീ സംരംഭങ്ങള്‍ക്കാണ് പുതിയ സൗധം ഉയരുന്നത്.

ഇസ്ലാംപൂര്‍ (വെസ്റ്റ് ബംഗാള്‍) | ഐവ ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വെസ്റ്റ് ബംഗാളിലെ ഇസ്ലാംപൂരിലെ ദന്തോല ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഹിറാ എജ്യുക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നാളെ നടക്കും. ഹിറാ ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ഹിറാ ലിറ്റില്‍ സ്‌കൂള്‍, ഹിറാ പബ്ലിക് സ്‌കൂള്‍, ഹിറാ ഖാതൂന്‍ സ്‌ക്വയര്‍ എന്നീ സംരംഭങ്ങള്‍ക്കാണ് പുതിയ സൗധം ഉയരുന്നത്.
‘ബസരിയ്യ’ എന്ന പേരില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സയ്യിദ് ഷാ ശംസുല്ല ജാന്‍, ഖാദിസിയ്യ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി, ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി, ഷൗക്കത്ത് നഈമി, സുഹൈറുദ്ധീന്‍ നൂറാനി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പത്ത് വര്‍ഷമായി വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളില്‍ വിലമതിക്കാനാവാത്ത സംഭാവനകളാണ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഐവ ഇന്ത്യ ഫൗണ്ടേഷന്‍ നല്‍കിവരുന്നത്. ഐവയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഹിറ എന്ന പേരിലാണ് നടക്കുന്നത്. ദീര്‍ഘനാളായി ദന്തോലയിലെ ഐവ ചൗക്കില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പ്രസ്ഥാനത്തിന് പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുമ്പോള്‍ തുറന്നിടുന്നത് സേവനങ്ങളുടെ വിശാല ഇടങ്ങളാണ്.
ഉദ്ഘാടനത്തിനും അനുബന്ധ പരിപാടികളിലും പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും സ്ഥാപനത്തിന്റെ പരിസരങ്ങളില്‍ നിന്നും നിരവധി ആളുകളാണ് എത്തുന്നത്.