Kerala
കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം ജൂണ്‍ അഞ്ചിന്
നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | കെ ഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതി . നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
.കെ ഫോണ്‍ പദ്ധതി ടെലികോം മേഖലയിലെ കോര്‍പ്പ റേറ്റ് ശക്തികള്‍ക്കെതിരെയുള്ള ഇടതുസര്‍ക്കാരിന്റെ ജനകീയ ബദല്‍കൂടിയാണ്. സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന് വിരാമമിടാനാണ്‌സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകള്‍ വഴി എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡ് മറികടക്കാന്‍ സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കെ-ഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.