Connect with us

Kerala

വൈക്കം തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം; തമിഴ്‌നാട് മുഖ്യമന്ത്രി കേരളത്തില്‍

സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെ എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും

Published

|

Last Updated

കോട്ടയം | വൈക്കം തന്തൈ പെരിയാര്‍ സ്മാരകത്തിന്റെയും പെരിയാര്‍ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി.

രാവിലെ 10.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ് കെ ഉമേഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് റോഡുമാര്‍ഗം ഉച്ചയ്ക്ക് 12.50ന് കുമരകം ലേക് റിസോര്‍ട്ടിലെത്തി. മുഖ്യമന്ത്രിയെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പു മന്ത്രി എ വി വേലു, കോട്ടയം ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കസവ് ഷാളും ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ ആംഗലേയ പരിഭാഷയായ A cry in the wilderness : The works of Narayana Guru എന്ന പുസ്തകവും നല്‍കിയാണ് ജില്ലാ കലക്ടര്‍ സ്വീകരിച്ചത്.

തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകന്‍, എം പി സ്വാമിനാഥന്‍ എന്നിവരും കുമരകത്തുണ്ട്. സ്‌പെഷല്‍ സെക്രട്ടറി ഡോ. എസ് കാര്‍ത്തികേയന്‍, ഡി ഐ ജി തോംസണ്‍ ജോസ്, ജില്ലാ പോലീസ് മേധാവി എ ഷാഹുല്‍ ഹമീദ്, എ ഡി എം ബീന പി. ആനന്ദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെസ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ വീരമണി മുഖ്യാതിഥിയാകും. വൈക്കം വലിയ കവലയിലെ പെരിയാര്‍ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയില്‍ പൊതുസമ്മേളനം നടക്കും.  കേരള തമിഴ്‌നാട് സര്‍ക്കാരുകള്‍ ചേര്‍ന്നു നടത്തുന്ന സമ്മേളനം ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നതാണ്.

 

 

Latest