Connect with us

articles

എരിഞ്ഞൊടുങ്ങാത്ത കലാപക്കനലുകള്‍

രണ്ടായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് കണക്കുള്ള, എന്നാല്‍ അതിനേക്കാള്‍ എത്രയോ അധികം ശവശരീരങ്ങള്‍ കുന്നുകൂടിയതായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഗുജറാത്ത് കലാപത്തില്‍ വംശഹത്യയുടെ കൃത്യമായ സിലബസ്സായിരുന്നു നടപ്പാക്കിയിരുന്നതെന്ന് വിവിധ വസ്തുതാന്വേഷണ സംഘങ്ങള്‍ വരച്ചുകാട്ടിയിട്ടുള്ളതാണ്.

Published

|

Last Updated

നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയവും മതപരവുമായ ചരിത്രം കൃത്യമായ അജന്‍ഡയിലൂടെ ഹിന്ദുത്വ അധികാരത്തിന്റെ പടവുകളാക്കി മാറ്റാനും ജാതീയ കോണുകളെ വകഞ്ഞുമാറ്റി തീര്‍ത്തും മതാധിഷ്ഠിതമായ ഭിന്നതയിലേക്ക് മതേതതര രാജ്യത്തിന്റെ മനസ്സിനെ മലീമസമാക്കാനും സംഘ്പരിവാരം ഉപയോഗിച്ച ആദ്യ പരീക്ഷണ ശാലയായിരുന്നു ഗുജറാത്ത്. ആ പരീക്ഷണം കൃത്യമായി വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല, 2002ലെ ഗുജറാത്ത് വംശഹത്യയുടെ ലാഭക്കൊയ്ത്തുകള്‍ രണ്ട് പതിറ്റാണ്ടിനിപ്പുറവും ഹിന്ദുത്വര്‍ ആവോളം ആസ്വദിച്ചു കൊണ്ടിരിക്കുകയുമാണ്. അതിനെതിരെ ഉയരുന്ന ശബ്ദങ്ങളെ സകലമാന സംവിധാനങ്ങളും ഉപയോഗിച്ച് ഉടച്ചുകളയാനുള്ള ശ്രമങ്ങളുണ്ടായി. അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച് ബി ബി സി കൊണ്ടുവന്ന വസ്തുതാന്വേഷണ റിപോര്‍ട്ടായ ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിക്ക് സാമൂഹിക മാധ്യമങ്ങളില്‍ പോലും വിലക്കേര്‍പ്പെടുത്തിയത്.

ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തില്‍ നടന്ന വംശഹത്യക്ക് മുന്നേ ഒട്ടനവധി വര്‍ഗീയ കലാപങ്ങളും കൊലപാതകങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നിരുന്നെങ്കിലും 2002ല്‍ നടന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിമറിക്കുന്നതായിരുന്നു. രണ്ടര മാസം നീണ്ടുനിന്ന കലാപം ഗുജറാത്തിനെ മാത്രമല്ല രാജ്യത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വര്‍ നടത്തിയ ഏറ്റവും വലിയ കലാപം കൂടിയായിരുന്നു ഇത്.

മനുഷ്യര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. വെന്തുരുകുന്നതിന് മുമ്പ് പെട്രോള്‍ കുടിക്കേണ്ടി വന്നു കുട്ടികള്‍ക്ക്. ഗര്‍ഭിണികളായ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ആശുപത്രികളിലും അഭയാര്‍ഥി ക്യാമ്പുകളിലും അക്രമികള്‍ ഇരകളെ വേട്ടയാടിക്കൊണ്ടിരുന്നു. ഇരകളെ വേട്ടക്കാര്‍ക്ക് കാണിച്ചുകൊടുത്ത് കൈയും കെട്ടി നിന്നു പോലീസ്. കലാപങ്ങള്‍ക്ക് പിന്തുണ നല്‍കി ഗുജറാത്ത് ഭരണകൂടവും. ഇതായിരുന്നു ഗുജറാത്തില്‍ അന്ന് അരങ്ങേറിയ കാഴ്ച.

രണ്ടായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് കണക്കുള്ള, എന്നാല്‍ അതിനേക്കാള്‍ എത്രയോ അധികം ശവശരീരങ്ങള്‍ കുന്നുകൂടിയതായി ചൂണ്ടിക്കാണിക്കപ്പെടുന്ന ആ കലാപത്തില്‍ വംശഹത്യയുടെ കൃത്യമായ സിലബസ്സായിരുന്നു നടപ്പാക്കിയിരുന്നതെന്ന് വിവിധ വസ്തുതാന്വേഷണ സംഘങ്ങള്‍ വരച്ചുകാട്ടിയിട്ടുള്ളതാണ്. ഗോധ്ര തീവണ്ടി തീവെപ്പിന്റെ പ്രതികരണം എന്ന വ്യാഖ്യാനം നല്‍കി സംഘ്പരിവാരം ആഹ്വാനം ചെയ്ത ബന്ദും ശേഷം ആഴ്ചകളോളം വിവിധ ഭാഗങ്ങളില്‍ നീണ്ടുനിന്ന അക്രമവും തീവെപ്പും കൂട്ടക്കൊലയും കൂട്ടബലാത്സംഗവും ആസൂത്രിതമായിരുന്നുവെന്ന് പരമോന്നത നീതിപീഠവും ഒട്ടനവധി അന്വേഷണ കമ്മീഷനുകളും പറഞ്ഞിട്ടുണ്ട്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത ശേഷം ശക്തിയാര്‍ജിച്ചു കൊണ്ടിരുന്ന ഹിന്ദുത്വ അജന്‍ഡകള്‍ക്ക് വെള്ളവും വളവും ആവോളം നല്‍കി പരിപോഷിപ്പിച്ചെടുക്കുകയായിരുന്നു ഗുജറാത്ത് കലാപത്തിലൂടെ.

ഭൂകമ്പ ദുരന്തത്തിലും അഴിമതിയിലും അധികാര വടംവലിയിലും തകര്‍ന്നുകിടക്കുകയായിരുന്നു ഗുജറാത്ത്. പിന്നീട് ബി ജെ പി മുഖ്യമന്ത്രിയായ കേശുഭായി പട്ടേലിനെ മാറ്റി അറിയപ്പെടാത്ത ആര്‍ എസ് എസ് നേതാവായിരുന്ന നരേന്ദ്ര ദാമോദര്‍ മോദിയെ വ്യക്തമായ അജന്‍ഡ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയാക്കി. ആര്‍ എസ് എസ് പ്രചാരക് ആയിരുന്നുവെന്നല്ലാതെ മോദിക്ക് ഭരണ പരിചയം ഉണ്ടായിരുന്നില്ല. ഇതോടെയാണ് വര്‍ഗീയതയുടെയും ഹിന്ദുത്വത്തിന്റെയും പരീക്ഷണ ലാബായി ഗുജറാത്തിനെ മാറ്റപ്പെടുന്നത്. അതിന്റെ ബാക്കിപത്രമാണ് ഗോധ്ര റെയില്‍വേ സ്റ്റേഷനിലെ തീവെപ്പ്. അതിന്റെ വെന്ത മാംസങ്ങളില്‍ നിന്നും ദുര്‍ഗന്ധങ്ങളില്‍ നിന്നുമാണ് മതേതര രാജ്യത്തിന്റെ മനസ്സിനെ വകഞ്ഞുമാറ്റി കാവി രാഷ്ട്രീയത്തിന്റെ അധികാര വഴികള്‍ രൂപപ്പെടുന്നത്. ഇന്ത്യയിലുടനീളം വര്‍ഗീയതയുടെ വിത്തുപാകി രഥയാത്രകള്‍ ഉരുട്ടിയ ലാല്‍കൃഷ്ണ അഡ്വാനിയെയടക്കം പിന്നീട് നാം കാണുന്നത് തിരശ്ശീലക്ക് പിറകിലായി. ഗുജറാത്ത് വംശഹത്യയുടെ അഗ്നിയില്‍ നിന്നാണ് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ദേശീയ ശ്രദ്ധയില്‍ വരുന്നത്. കൃത്യമായി പറഞ്ഞാല്‍ നെഗറ്റീവ് ഇമേജിനെ നന്നായി ഉപയോഗപ്പെടുത്തി. വംശീയതയും വംശഹത്യയും എങ്ങനെയാണ് പുതിയ അധികാരത്തിലേക്കുള്ള വഴിതുറക്കുന്നത് എന്ന് 2002 ഗുജറാത്ത് വംശഹത്യ വരച്ചുകാണിച്ചുതന്നു.

മതേതരത്വം വകഞ്ഞുമാറ്റി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാരം ഇന്ത്യയില്‍ അരക്കിട്ടുറപ്പിക്കുന്നതിന്റെ നാള്‍വഴികളിലൊന്നായ ബാബരി മസ്ജിദ് തകര്‍ത്ത് 10 വര്‍ഷം കഴിയുമ്പോഴാണ് ഗുജറാത്ത് കലാപമുണ്ടാകുന്നത്. ഈ 30 വര്‍ഷം കൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയം എവിടെ എത്തിനില്‍ക്കുന്നുവെന്നത് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ പഠിച്ചാല്‍ വ്യക്തമാകും. നരേന്ദ്ര മോദി രണ്ടാം തവണ ഗുജറാത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത്, വികസനത്തിന്റെ പേരിലോ അഴിമതിരാഹിത്യത്തിന്റെ പേരിലോ ആയിരുന്നില്ല, മറിച്ച് മുസ്‌ലിംകളെ അടിച്ചൊതുക്കിയ നേതാവ് എന്ന ഇമേജിലാണെന്ന് പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ രാമചന്ദ്രഗുഹ വിവരിച്ചിട്ടുണ്ട്. ഗുജറാത്ത് എന്നാല്‍ മഹാത്മാ ഗാന്ധിയുടെ സംസ്ഥാനം എന്നത് വിട്ട് ഇപ്പോള്‍ മോദിയുടെ നാടായി. ഗുജറാത്തിലെ അതേ ടെക്നിക് തന്നെയാണ് മോദി ദേശീയ രാഷ്ട്രീയത്തിലും പയറ്റുന്നത്. ശത്രുപക്ഷത്ത് ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് പകരം ഇന്ത്യന്‍ മുസ്‌ലിംകള്‍ ആയെന്ന് മാത്രം.

മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ഗുജറാത്ത് വംശഹത്യയില്‍ നേരിട്ട് ഉത്തരവാദിത്വമുണ്ടെന്ന ബി ബി സി അന്വേഷണ റിപോര്‍ട്ടാണ് രണ്ട് പതിറ്റാണ്ടിനിപ്പുറം ഗുജറാത്ത് വംശഹത്യയെ ആഗോള ചര്‍ച്ചക്ക് വീണ്ടും വിധേയമാക്കിയിരിക്കുന്നത്. അക്രമത്തിന്റെ വ്യാപ്തിയെ കുറിച്ചും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തതില്‍ പോലീസിനുള്ള പങ്കിനെ കുറിച്ചും റിപോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ സര്‍ക്കാറിന്റെ തന്നെ സമ്മര്‍ദമുണ്ടായെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. അക്രമികള്‍ക്ക് ശിക്ഷയുണ്ടാകില്ല എന്ന പൊതുബോധമാണ് ഇത്ര വലിയ അക്രമത്തിലേക്ക് നയിച്ചതെന്ന് അന്ന് തന്നെ ആരോപണങ്ങള്‍ ശക്തമായിരുന്നു. ഈ ധാരണക്ക് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയായിരുന്നെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം പറഞ്ഞതായി ഡോക്യുമെന്ററിയിലുണ്ട്.

മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള അക്രമം അവസാനിപ്പിക്കാനുള്ള ഗുജറാത്ത് പോലീസിന്റെ ശ്രമത്തെ മുഖ്യമന്ത്രിയായിരുന്ന മോദി തടഞ്ഞെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം പറഞ്ഞതായാണ് ഡോക്യുമെന്ററിയിലുള്ളത്. ഈ ആരോപണങ്ങള്‍ മോദി നേരത്തേ തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച, ശിക്ഷിക്കപ്പെടില്ലെന്ന പൊതുബോധം ഇല്ലാതെ വി എച്ച് പിക്കും കൂട്ടാളികള്‍ക്കും ഇത്ര ഭീകരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യമല്ലായിരുന്നു. 2002 ഫെബ്രുവരി 27ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മോദി കണ്ടുവെന്നും ഇടപെടരുതെന്ന് ഉത്തരവിട്ടെന്നും വിശ്വസനീയ വൃത്തങ്ങള്‍ തങ്ങളോട് പറഞ്ഞെന്ന് ഡോക്യുമന്ററിയിലുണ്ട്. ഫെബ്രുവരി 28ന് സബര്‍മതി എക്സ്പ്രസ്സ് സംഭവം നടക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്നേ കലാപത്തിന് ആര്‍ എസ് എസും മോദിയും പദ്ധതിയിട്ടിരുന്നു എന്നും പറയുന്നു. പോലീസിനെ പിന്‍വലിച്ച് ഹിന്ദുത്വ അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മോദി സജീവ പങ്കുവഹിച്ചതായി അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ പറഞ്ഞതായി ഡോക്യുമെന്ററിയിലുണ്ട്. റിപോര്‍ട്ട് ചെയ്തതിനേക്കാള്‍ ഭീകരമായിരുന്നു ഗുജറാത്ത് വംശഹത്യയെന്ന് പറഞ്ഞാണ് ബ്രിട്ടീഷ് സംഘം വിവരണം അവസാനിപ്പിക്കുന്നത്.

എന്നാല്‍, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോദിയെ വിചാരണ ചെയ്യാന്‍ പറ്റിയ തെളിവൊന്നുമില്ലെന്ന് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം 2012 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടിലുണ്ട്. ഈ റിപോര്‍ട്ട് 2013ല്‍ മജിസ്‌ട്രേറ്റ് സ്വീകരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് എം പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി കഴിഞ്ഞ ജൂണ്‍ 24ന് തള്ളിക്കളഞ്ഞിരുന്നു. നീതിപീഠം 2004 ഏപ്രില്‍ 12ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിരീക്ഷണം ഇങ്ങനെ വായിക്കാം – “”നിസ്സഹായരായ സ്ത്രീകളും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും ചുട്ടെരിക്കപ്പെട്ടപ്പോള്‍ പുതിയ കാലത്തെ നീറോ ചക്രവര്‍ത്തിമാര്‍ മറ്റെവിടേക്കോ നോട്ടമുറപ്പിച്ച് ഇരുന്നു. കുറ്റവാളികളെ എങ്ങനെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാമെന്ന് കണക്കുകൂട്ടുകയായിരുന്നു അവര്‍. നിയമവും നീതിയും അവരുടെ കൈപ്പിടിക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്നു. വേലിതന്നെ വിളവ് തിന്നുമ്പോള്‍ നീതിയും നിയമവും നിലനില്‍ക്കാനുള്ള ചെറിയ സാധ്യത പോലും ഇല്ലാതായി’.

nasilakummannoor@gmail.com