Kerala
താമരശ്ശേരിയില്‍ യുവാവ് അനിയനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവം: അയല്‍വാസിയായ സ്ത്രീയെ ചീത്തപറയുന്നത് തടഞ്ഞതാണ് പ്രകോപനമെന്ന് എഫ്‌ഐആര്‍
തിങ്കളാഴ്ച വൈകിട്ടാണ് ചമല്‍ അംബേദ്കര്‍ നഗറിലെ അഭിനന്ദിനെ ജ്യേഷ്ഠന്‍ വെട്ടിയത്.

കോഴിക്കോട്|താമരശ്ശേരി ചമലില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ വിവരങ്ങള്‍ പുറത്ത്. അയല്‍വാസിയായ സ്ത്രീയെ ചീത്ത പറയുന്നത് തടഞ്ഞതിനാണ് വെട്ടിയതെന്ന് എഫ്‌ഐആര്‍. രണ്ടാമത്തെ വെട്ടില്‍ അനിയന്‍ ഒഴിഞ്ഞുമാറിയതാണ് ജീവന്‍ രക്ഷിക്കാനായതെന്നും എഫ്‌ഐആറില്‍ പറയുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ചമല്‍ അംബേദ്കര്‍ നഗറിലെ അഭിനന്ദിനെ ജ്യേഷ്ഠന്‍ വെട്ടിയത്. സംഭവത്തില്‍ സഹോദരന്‍ അര്‍ജുനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് അര്‍ജുന്‍ അഭിനന്ദിനെ ആക്രമിച്ചത്. ആക്രമിക്കുന്നത് വീട്ടുകാര്‍ തടഞ്ഞതാണ് അഭിനന്ദിന്റെ ജീവന്‍ രക്ഷിക്കാനായത്. അഭിനന്ദിന്റെ നില ഗുരുതരമല്ല. അര്‍ജുന്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.