Kerala
ഫോണിലെ തെളിവ് നശിപ്പിക്കപ്പെട്ട സംഭവം; ദിലീപിന്റെ അഭിഭാഷകനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതില്‍ അഭിഭാഷകന്‍ രാമന്‍ പിള്ളക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി നടന്‍ ദിലീപിന്റെ അഭിഭാഷകനെ ചോദ്യം ചെയ്യുനൊരുങ്ങി ക്രൈബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതില്‍ അഭിഭാഷകന്‍ രാമന്‍ പിള്ളക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
അഭിഭാഷകനെ ചോദ്യം ചെയ്യുന്ന കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ച് വരികയാണ്. അതിന്റെ ഭാഗമായി ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഉപയോഗിച്ച ഐ മാക് സിറ്റം പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും എസ് പി പറഞ്ഞു.
ദിലീപിന്റെ ഫോണില്‍ നിന്നു നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ദിലീപിന്റെ ഐ ഫോണുകളാണിവ. വാട്ട്‌സ്ആപ് കോളുകള്‍, ചാറ്റുകള്‍, ഫോണ്‍ വിളികള്‍, സ്വകാര്യ വിവരങ്ങളുള്‍പ്പെടെ ഇതില്‍ നിന്ന് നീക്കം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.